ചെങ്ങന്നൂർ എൻജിനീയറിംഗ് കോളേജ് വിദ്യാർത്ഥി സൂരജ് സെബാസ്റ്റ്യന്റെ മരണം സിബിഐ അന്വേഷിക്കും. കായൽ യാത്രക്കിടെയാണ് സൂരജ് മരിച്ചത്. മരണത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് അച്ഛൻ സെബാസ്റ്റ്യൻ നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത്.
2009 മെയ് ആറിനാണ് വേമ്പനാട്ട് കായലിലെ ഉല്ലാസയാത്രക്കിടെയാണ് ഏറ്റുമാനൂർ തെക്കേചെരുവിൽ സൂരജ് സെബാസ്റ്റ്യൻ മരിച്ചത്. അന്നുമുതൽ മകന്റെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അച്ഛൻ സെബാസ്റ്റ്യൻ മുട്ടാത്ത വാതിലുകളില്ല. ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചെങ്കിലും മരണകാരണം കണ്ടെത്താനായില്ല. സൂരജിന്റെ കഴുത്തിൽ മൂന്ന് പരുക്കുകൾ ഉണ്ടായിരുന്നുവെങ്കിലും ഇക്കാര്യം ഇൻക്വസ്റ്റിൽ രേഖപ്പെടുത്തിയില്ലെന്ന് സെബാസ്റ്റ്യൻ പറയുന്നു. പലരുടേയും സ്വാധീനത്തിന് വഴങ്ങി അന്വേഷണം വഴിതിരിച്ച് വിടാൻ പൊലീസ് ശ്രമിച്ചുവെന്നും അതിനാലാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതെന്നും സെബാസ്റ്റ്യൻ വിശദീകരിച്ചു.
എൻജിനീയറിംഗ് പഠനം പൂർത്തിയാക്കി ജോലിയിൽ പ്രവേശിക്കാൻ ഇരിക്കവേയായിരുന്നു സൂരജന്റെ അന്ത്യം. എകമകന്റെ മരണം കൊലപാതകമാണെന്നും സിബിഐ അന്വേഷണത്തിലൂടെ ഇത് കണ്ടെത്താൻ കഴിയുമെന്നും സെബാസ്റ്റ്യന്റെ പ്രതീക്ഷിക്കുന്നു.
