സൗമ്യ വധക്കേസില്‍ ഗോവിന്ദസ്വാമിയുടെ വധശിക്ഷ ഒഴിവാക്കിയ വിധിക്കെതിരെ സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ തിരുത്തല്‍ ഹര്‍ജി നല്‍കി. തുറന്നകോടതിയില്‍ പുന:പരിശോധനാ ഹര്‍ജിയില്‍ വാദം കേട്ടെങ്കിലും തുറന്ന മനസ്സോടെയല്ല കേസ് പരിഗണിച്ചതെന്നാണ് സംസ്ഥാനസര്‍ക്കാരിന്‍റെ വാദം.

കേസില്‍ സംസ്ഥാനസര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോണി ജനറല്‍ മുകുള്‍ റോത്തകിയുടെ നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ തിരുത്തല്‍ ഹര്‍ജി നല്‍കിയത്. ഗോവിന്ദസ്വാമിക്കുമേല്‍ കൊലക്കുറ്റം പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ടുള്ള പുന:പരിശോധനാ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളിയെങ്കിലും നീതിക്കായി നിയമസാധ്യതകള്‍ ഇനിയുമുണ്ടെന്നായിരുന്നു അറ്റോണി ജനറലിന്റെ നിയമോപദേശം.

സൗമ്യയയെ ഗോവിന്ദസ്വാമി ബലാത്സംഗം ചെയ്തുവെന്ന് കോടതി തന്നെ സമ്മതിക്കുമ്പോള്‍ കൊലപാതകക്കുറ്റത്തില്‍ നിന്ന് മാത്രം എങ്ങനെ മാറ്റിനിര്‍ത്താനാകും എന്നാണ് ഹര്‍ജിയിലെ സംസ്ഥാനസര്‍ക്കാരിന്‍റെ വാദം. കൊലക്കുറ്റം നിലനിര്‍ത്താണ സര്‍ക്കാരും സൗമ്യയുടെ അമ്മയും നല്‍കിയ പുന:പരിശോധനാ ഹര്‍ജികള്‍ തള്ളുന്നതിനധാരമാക്കിയ നിഗമനങ്ങളില്‍ പിഴവുണ്ട്. മുന്‍വിധികള്‍ ഇല്ലാതെ തിരുത്തല്‍ ഹര്‍ജി പരിഗണിക്കണം. ഗോവിന്ദ സ്വാമിയെ വധശിക്ഷയില്‍ നിന്ന് ഇളവ് ചെയ്തതിനെ ജസ്റ്റിസ് വിമര്‍ശിച്ചതും കേസിലെ വസ്തുതകളും തമ്മില്‍ കൂട്ടിക്കുഴയ്‌ക്കരുതെന്നും ഹര്‍ജിയില്‍ സംസ്ഥാനം ആവശ്യപ്പെടുന്നു.