പിണറായിയിലെ കൂട്ടക്കൊലപാതകക്കേസ് പ്രതി സൗമ്യയെ നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
കണ്ണൂര്: പിണറായിയിലെ കൂട്ടക്കൊലപാതകക്കേസില് പ്രതി സൗമ്യയെ നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയില് വിട്ടു. പിണറായിയില് മകളെയും അച്ഛനെയും അമ്മയെയും കൊലപ്പെടുത്തിയ കേസിലാണ് സൗമ്യയെ പൊലീസ് കസ്റ്റഡിയില് വിട്ടത്. അതേസമയം,തെളിവെടുപ്പിനിടെ സൗമ്യക്ക് നേരെ കയ്യേറ്റശ്രമം ഉണ്ടായി. തെളിവെടുപ്പിനിടെ നാട്ടുകാർ സൗമ്യയെ കൂവി വിളിച്ചു.
എലിവിഷമാണ് എല്ലാവരുടെയും കൊലയ്ക്ക് സൗമ്യ ഉപയോഗിച്ചതെന്ന് രാസപരിശോധന റിപ്പോർട്ട് സ്ഥിരീകരിക്കുന്നു. എലിവിഷം സൗമ്യക്ക് വാങ്ങി നൽകിയത് ഇവരുമായി ബന്ധമുള്ള ഓട്ടോഡ്രൈവറാണെന്നാണ് പൊലീസിന്റെ നിഗമനം. ഇയാളുൾപ്പെടെ സൗമ്യയുമായി ബന്ധമുള്ള മൂന്ന് പേരെ പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു.
സൗമ്യ നാട്ടുകാരെ കബളിപ്പിച്ചു എന്ന് അയൽവാസികൾ നേരത്തെ ആരോപിച്ചിരുന്നു. അമ്മയ്ക്ക് കിഡ്നി തകരാർ ആണെന്നും, അച്ഛന് ശ്വാസം മുട്ടൽ ആണെന്നും നാട്ടുകാരെ സൗമ്യ വിശ്വസിപ്പിച്ചുവെന്നാണ് ആരോപണം. സൗമ്യ ആണ് കൊല നടത്തിയത് എന്ന് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല എന്നും അയൽവാസികൾ പ്രതികരിച്ചു.
രണ്ട് യുവാക്കൾക്കൊപ്പം രാത്രിയിൽ വീട്ടിനുള്ളിൽ മോശം സാഹചര്യത്തിൽ അമ്മയെ കണ്ടതോടെ ഭയന്ന് നിലവിളിച്ച എട്ട് വയസുകാരിയായ മകൾ ഐശ്വര്യയെ ഭക്ഷണത്തിൽ വിഷം കലർത്തി കൊലപ്പെടുത്തി. ഇതോടെ അവിഹിത ബന്ധത്തെ കൂടുതൽ ശക്തമായി എതിർത്ത മാതാപിതാക്കളോടായി പക.
മാർച്ചിൽ കറിയിൽ വിഷം കലർത്തി അമ്മ കമലയെയും ഏപ്രിൽ മാസത്തിൽ രസത്തില് വിഷം ചേർത്ത് അച്ഛനെയും ഇല്ലാതാക്കി. പുറമെ ഉള്ളവരുടെ സഹായവും ലഭിച്ചു. 11 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിൽ താനൊഴികെ വീട്ടിൽ ബാക്കി ഉള്ളവരെ മുഴുവൻ ഇല്ലാതാക്കിയ കഥ സൗമ്യ വിവരിക്കുകയായിരുന്നു. അവിഹിത ബന്ധം എതിർത്തതിന്റെ പേരിലായിരുന്നു സൗമ്യ കൊലപാതകങ്ങൾ നടത്തിയത് .
