അയല്‍വാസിയുടെ നായയെ കൊലപ്പെടുത്തി  കറിവച്ച് ഉടമസ്ഥനെ തീറ്റിച്ച് അയല്‍വാസി

സോള്‍: അയല്‍വാസിയുടെ നായയെ കൊലപ്പെടുത്തി കറിവച്ച് ഉടമസ്ഥനെ തീറ്റിച്ച് അയല്‍വാസി. ദക്ഷിണ കൊറിയയിലാണ് സംഭവം. അയല്‍ക്കാരന്‍റെ നായയുടെ ശല്യം സഹിക്കാന്‍ വയ്യാതെയാണ് അറുപത്തിയഞ്ചുവയസുകാരന്‍ ഈ കടുംകൈ ചെയ്തത്.കല്ലെറിഞ്ഞാണ് ഇയാള്‍ നായയെ കൊലപ്പെടുത്തിയത്. ചത്തെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം നായയെ എടുത്ത് കൊണ്ട് വന്ന് കറിവെക്കുകയായിരുന്നുവെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു.

തുടര്‍ന്ന് ആ കറിയും കൂട്ടി അത്താഴമുണ്ണാന്‍ നായയുടെ ഉടമസ്ഥനെ ക്ഷണിച്ചു. നായവിഭവം’ ഇഷ്ടമില്ലാതിരുന്ന ഇദ്ദേഹം ക്ഷണം നിരസിച്ചു. എന്നാല്‍ കര്‍ഷകന്‍റെ നിര്‍ബന്ധം മൂലം ക്ഷണം സ്വീകരിച്ചു. തന്‍റെ വളര്‍ത്തുനായയെയാണ് കൊന്നു കറിയാക്കിയതെന്ന് ഇയാള്‍ അറിഞ്ഞില്ല. തന്‍റെ നായയെ കാണാനില്ലെന്ന് അയല്‍വാസി പറഞ്ഞപ്പോള്‍ തനിക്കൊന്നും അറിയില്ലെന്ന മട്ടില്‍ ഇയാള്‍ നിന്നു.

കണ്ടെത്തിയാല്‍ താന്‍ വിവരം അറിയിക്കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. എന്നാല്‍ പിന്നീട് മറ്റൊരു അയല്‍ക്കാരന്‍ സൂചന നല്‍കിയപ്പോഴാണ് ഉടമസ്ഥന്‍ വിവരമറിഞ്ഞതും കേസുകൊടുത്തതും. പൊലീസിനോട് ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. സംഭവം പുറത്ത് വന്നതോടെ ഇയാള്‍ക്കെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്.