മാഡ്രിഡ്: പിരിച്ചുവിടപ്പെട്ട മുൻ കറ്റാലൻ പ്രവിശ്യാ പ്രസിഡന്റ് കാർലെസ് പീജ്മോണ്ടും നാലു മാന്ത്രിമാരും കീഴടങ്ങി. ബെൽജിയത്തിലെ ബ്രസൽസിലാണ് പീജ്മോണ്ടും നാല് ഉപദേശകരും കീഴടങ്ങിയത്. ഇവർക്കെതിരെ കഴിഞ്ഞ ദിവസം യൂറോപ്യൻ അറസ്റ്റ് വാറണ്ട്പുറപ്പെടുവിച്ചിരുന്നു. കീഴടങ്ങിയ നേതാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും സ്പാനിഷ് ജഡ്ജിക്ക് മുന്പാകെ ഇവരെ ഹാജരാക്കുമെന്നും ബ്രസൽസ് പ്രോസിക്യൂട്ടറുടെ ഓഫീസ് അറിയിച്ചു.
വെള്ളിയാഴ്ച സ്വാതന്ത്ര്യപ്രഖ്യാപനം വന്ന ഉടനെതന്നെ പീജ്മോണ്ടിനെയും മന്ത്രിമാരെയും മാഡ്രിഡിലെ മരിയാനോ റഹോയ് ഭരണകൂടം ഡിസ്മിസ് ചെയ്തിരുന്നു. ഇന്നലെ പ്രവിശ്യാ സെക്രട്ടേറിയറ്റിൽ മാഡ്രിഡിൽ നിന്നുള്ള ഉദ്യോഗസ്ഥർ എത്തി നിയന്ത്രണം ഏറ്റെടുത്തു. പുതിയ പോലീസ് മേധാവിയും സ്ഥാനമേറ്റു. പീജ്മോണ്ടും കൂട്ടരും സെക്രട്ടേറിയറ്റിൽ വന്നതേയില്ല. പിന്നാലെ സ്പാനിഷ് ഭരണകൂടം കാറ്റലോണിയയുടെ നിയന്ത്രണം ഏറ്റെടുത്തു. പീജ്മോണ്ടിനും കൂട്ടർക്കുമെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്താൻ സ്പാനിഷ് സ്റ്റേറ്റ് പ്രോസിക്യൂട്ടർ നടപടി തുടങ്ങിയിട്ടുണ്ട്.
സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയ പീജ്മോണ്ട് കഴിഞ്ഞ ദിവസം രാജ്യംവിട്ടിരുന്നു. അദ്ദേഹവും അടുത്ത അനുയായികളും ബ്രസൽസിൽ എത്തിയതായി റിപ്പോർട്ടുകൾ പുറത്തുവന്നു. പീജ്മോണ്ടിന്റെ അനുയായികൾ ഡിസംബർ 21-ലെ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന സൂചന നൽകി. സ്പാനിഷ് ഹൈക്കോടതിയിൽ ഹാജരാകുന്നതിനു പകരം ബ്രസൽസിൽ നടക്കുന്ന അന്വേഷണവുമായി സഹകരിക്കാമെന്ന പീജ്മോണ്ടിന്റെ നിലപാടു സ്പാനിഷ് ജഡ്ജി അംഗീകരിച്ചിരുന്നില്ല. വീഡിയോ കോൺഫറൻസ് അനുവദിക്കണമെന്ന അഭ്യർഥനയും കോടതി തള്ളി. നീതിയുക്തമായ വിചാരണ നടത്തുമെന്നു മാഡ്രിഡ് ഉറപ്പുതന്നാൽ മാത്രമേ സ്പെയിനിലേക്കു മടങ്ങുകയുള്ളൂവെന്നാണ് പീജ്മോണ്ടിന്റെ നിലപാട്. സ്പെയിൻ സർക്കാർ പിരിച്ചുവിട്ട കാറ്റലോണിയ മന്ത്രിസഭയിലെ എട്ട് മുൻ മന്ത്രിമാരെയും വിചാരണയ്ക്ക് ശേഷം സ്പാനിഷ് ഹൈക്കോടതി കസ്റ്റഡിയിൽ വിട്ടിരുന്നു.
