ഗ്രൂപ്പ് ബിയിൽ നിന്ന് ആരൊക്കെ അവസാന പതിനാറിലേക്ക് മുന്നേറുമെന്ന് നിശ്ചയിക്കുന്ന പോരാട്ടങ്ങൾ​

മോസ്കോ: ലോകകപ്പിൽ സ്പെയ്നും പോർച്ചുഗലിനും ഇന്ന് ജീവൻ മരണ പോരാട്ടം. രാത്രി പതിനൊന്നരയ്ക്ക് സ്പെയ്ൻ മൊറോക്കോയെയും പോർച്ചുഗൽ, ഇറാനെയും നേരിടും.

ഗ്രൂപ്പ് ബിയിൽ നിന്ന് ആരൊക്കെ അവസാന പതിനാറിലേക്ക് മുന്നേറുമെന്ന് നിശ്ചയിക്കുന്ന പോരാട്ടങ്ങളാണ് രണ്ടും. സ്പെയ്നും പോർച്ചുഗലിനും ഓരോ ജയവും സമനിലയുമായി നാല് പോയിന്‍റുവീതം. സ്പെയ്ൻ ഒന്നും പോർച്ചുഗൽ രണ്ടും സ്ഥാനങ്ങളിൽ. ആദ്യരണ്ടും കളിയും തോറ്റ മൊറോക്കോയുടെ വാതിൽ നേരത്തേ അടഞ്ഞു. ബാക്കിയുള്ളവരിൽ ജയിക്കുന്നവർ മുന്നോട്ട്. സമനിലയെങ്കിൽ ഇറാനും മടങ്ങാം.

സ്പാനിഷ് ടീമിൽ കാര്യമായ മാറ്റമുണ്ടാവില്ലെന്ന് കോച്ച് ഫെർണാണ്ടോ ഹിയറോ. ഡീഗോ കോസ്റ്റയുടെ ബൂട്ടുകളാവും നിർണായകമാവുക. പോർച്ചുഗലിന്‍റെ പ്രതീക്ഷയത്രയും ക്രിസ്റ്റ്യാനോ റൊണാൾഡോയെ കേന്ദ്രീകരിച്ചാണ്. ടീം നേടിയ നാല് ഗോളും റൊണാൾഡോയുടെ പേരിനൊപ്പം. ടീമിനെ ജയിപ്പിക്കുന്നതിനൊപ്പം ടോപ് സ്കോറർമാരുടെ പട്ടികയിൽ ഹാരി
കെയ്നെ മറികടക്കുകയാവും റൊണാൾഡോയുടെ ലക്ഷ്യം.

പ്രതിരോധത്തിൽ ഉരുക്കുകോട്ട കെട്ടുന്ന ഇറാന് തന്ത്രമോതുന്നത് റൊണാൾഡോയുടെ മുൻപരിശീലകനും പോർച്ചുഗലുകാരനുമായ
കാർലോസ് ക്വിറോസ്. ഭാവി നിശ്ചയിക്കുന്ന പോരാട്ടമായതിനാൽ മുൻനിരതാരങ്ങളെയെല്ലാം പരിശീലകർ അണിനിരത്തും.

അതേസമയം ഗ്രൂപ്പ് എ യില്‍ ചാമ്പ്യൻമാരെ തീരുമാനിക്കുയെന്നതാണ് അവസാന റൗണ്ട് പോരാട്ടങ്ങളുടെ അജണ്ട. ആതിഥേയരായ റഷ്യയും ഉറുഗ്വേയും ഒന്നാം സ്ഥാനത്തിനായി പോരടിക്കുമ്പോള്‍ മത്സരം അവേശകരമാകും. ആശ്വാസജയത്തിനായി ഈജിപ്തും സൗദി അറേബ്യയും ഏറ്റുമുട്ടും. വൈകീട്ട് ഏഴരക്കാണ് മത്സരങ്ങള്‍.