സ്പെയിനെ പൂട്ടി ഇറാന്‍ ആദ്യ പകുതി ഗോള്‍രഹിത സമനിലയില്‍

കസാന്‍: ഇറാന്‍ കോട്ട കെട്ടി തങ്ങളുടെ ഗോള്‍മുഖം കാത്തപ്പോള്‍ ആദ്യപകുതിയില്‍ സ്പെയിന് സമനിലപ്പൂട്ട്. ആദ്യ കളി ജയിച്ചെത്തിയ ഇറാന്‍ മുന്‍ ലോക ചാമ്പ്യന്മാരെ സമനിലയില്‍ കുടുക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് 45 മിനിറ്റും പന്ത് തട്ടിയത്. 70 ശതമാനത്തിന് മുകളില്‍ ബോള്‍ പൊസിഷന്‍ ഉണ്ടെങ്കില്‍ പോലും വിറയ്ക്കാതെ നിന്ന് ഇറാനിയന്‍ പ്രതിരോധത്തെ മുറിച്ച് അകത്ത് കടക്കാന്‍ സ്പെയിന് സാധിച്ചില്ല.

നിര്‍ണായക മത്സരത്തില്‍ സ്വതസിദ്ധമായ പാസിംഗ് ഗെയിം കളിച്ചാണ് സ്പെയിന്‍ തുടങ്ങിയത്. കുറിയ പാസുകളുമായി മുന്നേറ്റം നടത്തിയ സെര്‍ജിയോ റാമോസിനെയും സംഘത്തെയും പിടിച്ചു കെട്ടാന്‍ ഏഷ്യന്‍ കരുത്തുമായി വന്ന ഇറാന്‍ നന്നേ പണിപ്പെട്ടു. ആധിപത്യം പുലര്‍ത്തിയെങ്കിലും ഗോളിലേക്ക് വഴിയൊരുക്കുന്ന നീക്കങ്ങളൊന്നും മെനഞ്ഞെടുക്കാന്‍ പക്ഷേ ലാ റോജ പടയ്ക്ക് ആദ്യ 10 മിനിറ്റില്‍ കഴിഞ്ഞില്ല.

ഒഴുക്കോടെ സ്പെയിന് കയറി പോകാനുള്ള സൗകര്യം കൊടുക്കാതെ കൃത്യമായ പ്രതിരോധമായിരുന്നു ഇറാന്‍റേത്. ചെറിയ ചില നീക്കങ്ങള്‍ ഒഴിച്ചാല്‍ പന്ത് കെെവെയ്ക്കുന്നതല്ലാതെ ഗോള്‍ ശ്രമങ്ങള്‍ സ്പെയിനും നടത്താനുമായില്ല. അപകടമുണ്ടാക്കുന്നില്ലെങ്കിലും പന്ത് കിട്ടാതായതോടെ ഇറാന്‍ താരങ്ങള്‍ നിരവധി ഫൗളുകളാണ് വരുത്തിയത്.

25-ാം മിനിറ്റില്‍ ഗോള്‍ ഷോട്ട് ഉതിര്‍ക്കാവുന്ന സ്ഥലത്ത് നിന്ന് ലഭിച്ച ഫ്രിക്കിക്ക് ഡേവിഡ് സില്‍വ തൊടുത്ത് വിട്ടെങ്കിലും ഇറാന്‍ ഗോള്‍കീപ്പര്‍ അലി ബെയ്റന്‍വാന്‍ഡിന്‍റെ കെെകളില്‍ ഒതുങ്ങി. 29-ാം മിനിറ്റിലാണ് അല്‍പമെങ്കിലും സ്പാനിഷ് മയമുള്ള ഒരു മുന്നേറ്റം കസാനില്‍ കണ്ടത്. കോര്‍ണര്‍ സെറ്റ് പീസില്‍ ഇസ്കോയും ഇനിയേസ്റ്റയും ആസൂത്രണം ചെയ്ത നീക്കം ബോക്സിനുള്ളിലെ കൂട്ടപ്പൊരിച്ചിലിനിടയില്‍ ഡേവിഡ് സില്‍വ ഒരു അക്രോബാറ്റിക് ശ്രമം നടത്തിയെങ്കിലും ഗോള്‍ പോസ്റ്റിന് മുകളിലൂടെ പന്ത് പറന്നു.

പതുങ്ങി നിന്നെങ്കിലും 35-ാം മിനിറ്റില്‍ സ്പാനിഷ് ബോക്സിലേക്ക് ഇരച്ച് കയറിയെത്തിയ ഇറാന്‍ ലോക ചാമ്പ്യന്മാരെ ഒന്ന് ഞെട്ടിച്ചു. റാമിന്‍ റെയ്സന്‍ ബോക്സ് ലക്ഷ്യമാക്കി നല്‍കിയ ക്രോസ് റാമോസ് ഒരുവിധം ഹെഡ് ചെയ്ത് അകറ്റി. ഇതിനിടെ കളിക്കാര്‍ തമ്മിലുണ്ടായ പ്രശ്നം കയ്യാങ്കളിയിലേക്കും നയിച്ചു. ആദ്യ പകുതിയുടെ ഇഞ്ചുറി ടെെമില്‍ ഡേവിഡ് സില്‍വ വീണ്ടും ഗോള്‍ ഷോട്ട് ഉതിര്‍ത്തെങ്കിലും അതും ലക്ഷ്യം കണ്ടില്ല.