ഖാലിദ് ബൗതിബ്, യൂസഫ് എന്‍- നെസ്രി എന്നിവരാണ് മൊറോക്കോയുടെ ഗോള്‍ നേടിയത്. ഇസ്‌കോ, അസ്പാസ് എന്നിവരുടെ വകയായിരുന്നു സ്‌പെയ്‌നിന്റെ ഗോളുകള്‍.

മോസ്‌കോ: ഭാഗ്യത്തിന്റെ നൂല്‍പ്പാലത്തിലൂടെ സ്‌പെയ്ന്‍ റഷ്യന്‍ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍ കടന്നു. പ്രാഥമിക റൗണ്ടിലെ അവസാന മത്സരത്തില്‍ മൊറോക്കോയോട് സമനില വഴങ്ങിയാണ് സ്‌പെയ്ന്‍ മടങ്ങിയത്. ഗ്രൂപ്പിലെ ഇറാന്‍- പോര്‍ച്ചുഗല്‍ സമനിലയില്‍ അവസാനിച്ചതും സ്‌പെയ്‌ന് തുണയായി. ഇരുവരും രണ്ട് ഗോള്‍ വീതം നേടി. ഖാലിദ് ബൗതിബ്, യൂസഫ് എന്‍- നെസ്രി എന്നിവരാണ് മൊറോക്കോയുടെ ഗോള്‍ നേടിയത്. ഇസ്‌കോ, അസ്പാസ് എന്നിവരുടെ വകയായിരുന്നു സ്‌പെയ്‌നിന്റെ ഗോളുകള്‍. ഗ്രൂപ്പ് ചാംപ്യന്മാരായ സ്‌പെയ്ന്‍ പ്രീ ക്വാര്‍ട്ടറില്‍ ആതിഥേയരായ റഷ്യയെ നേരിടും. 

നിര്‍ണായക മത്സരത്തില്‍ സ്പെയിനിനും മൊറോക്കോയ്ക്കും ആദ്യ പകുതിയില്‍ ഓരോ ഗോളുകള്‍ കുറിച്ചു. സ്പെയിന് ആദ്യ പ്രഹരം നല്‍കി 14-ാം മിനുറ്റില്‍ ബൗതെയ്ബ് മൊറോക്കോക്കായി വലകുലുക്കി. ഇനിയേസ്റ്റ-റാമോസ് സഖ്യത്തില്‍ നിന്ന് തട്ടിയെടുത്ത പന്തുമായി കുതിച്ച ബൗതിബ് പ്രതിരോധഭടന്‍ പിക്വെയെയും ഗോള്‍കീപ്പര്‍ ഡി ഗിയയെയും കാഴ്ച്ചക്കാരാക്കി വലയിലിട്ടു.

Scroll to load tweet…

എന്നാല്‍ അഞ്ച് മിനുറ്റുകളുടെ ഇടവേളയില്‍ ഇസ്‌കോയിലൂടെ തിരിച്ചടിച്ച് സ്പെയിന്‍ സമനില പിടിച്ചു. ഗോള്‍ വഴങ്ങിയതിന് പ്രതികാരം ചെയ്ത് ഗോളിലേക്ക് ചരടുവലിച്ചത് ഇനിയസ്റ്റ. അതിവേഗനീക്കത്തിനൊടുവില്‍ ഇനിയസ്റ്റ നല്‍കിയ പാസില്‍ നിന്ന് ഇസ്‌കോ മനോഹരമായി ഫിനിഷ് ചെയ്തു. ഓരോ ഗോള്‍ വീണ് തുല്യതയായ ശേഷം ടീമുകള്‍ ലീഡിനായി കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.

81ാം മിനിറ്റില്‍ മൊറോക്കയുടെ രണ്ടാം ഗോളും പിറന്നു. ഒരു ബുള്ളറ്റ് കോര്‍ണറില്‍ യൂസഫ് എന്‍- നെസ്രി ഹെഡ്ഡറിലൂടെ ഗോള്‍ നേടി. എന്നാല്‍ ഇഞ്ചുറി ടൈമില്‍ അസ്പാസ് സ്‌പെയ്‌നിന്റെ രക്ഷകനായി. ഒരു ബാക്ക് ഹീലിലൂടെയുള്ള ഫ്‌ളിക്ക് വലയിലേക്ക്. എന്നാല്‍ റഫറി ഓഫ് സൈഡ് വിളിച്ചു. പിന്നീട് വീഡിയോ റഫറന്‍സിലൂടെയാണ് ഗോള്‍ വിധിച്ചത്.

Scroll to load tweet…