തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിന്റെ 'വാക്കു പൂക്കും കാലം' എന്ന പരിപാടിക്ക് സ്‌പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ പ്രശംസ . കേരളത്തിന്റെ സാംസ്കാരിക സാമൂഹിക വികാസ ചരിത്രത്തെ, പ്രാദേശിക സര്‍ഗ വൈവിധ്യത്തിലൂടെ സമൂഹത്തിലെത്തിച്ച ശ്രദ്ധേയമായ പരിപാടിയാണ് വാക്കു പൂക്കും കാലമെന്ന് സ്‌പീക്കര്‍ പറഞ്ഞു. നിയമസഭാ മാധ്യമ അവാര്‍ഡുകള്‍ തിരുവനന്തപുരത്ത് സമ്മാനിക്കുകയായിരുന്നു സ്‌പീക്കര്‍.

കേരളത്തിന്‍റെ മിനിമം ആവശ്യങ്ങളില്‍ വിവാദമുണ്ടാക്കില്ലെന്ന് മാധ്യമങ്ങള്‍ തീരുമാനിക്കണമെന്നും ചില കാര്യങ്ങള്‍ സമവായത്തിന് മാധ്യമങ്ങള്‍ നേതൃത്വം കൊടുക്കണമെന്നും സ്‌പീക്കര്‍ ആവശ്യപ്പെട്ടു. വാക്കു പൂക്കും കാലത്തിന് ആര്‍ ശങ്കരനാരായാണന്‍ തമ്പി പുരസ്കാരം സ്‌പീക്കര്‍ സമ്മാനിച്ചു. പ്രൊഡ്യൂസര്‍ സി അനൂപ് പുരസ്കാരം ഏറ്റുവാങ്ങി. ഇ.കെ നായനാര്‍ പുരസ്കാരം ഏഷ്യാനെറ്റ് ന്യൂസിലെ ജെയ്സണ്‍ മണിയങ്ങാടിന് സമ്മാനിച്ചു. ആദിവാസികള്‍ക്കായുള്ള ആശിക്കും ഭൂമി പദ്ധതിയിലെ തട്ടിപ്പുകള്‍ പുറത്തു കൊണ്ടുവന്ന 'തോല്‍ക്കുന്ന ജനത' എന്ന വാര്‍ത്താ പരമ്പരയ്‌ക്കാണ് പുരസ്കാരം. 50,000 രൂപയും ശില്‍പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.

അച്ചടി മാധ്യമത്തില്‍ ശങ്കരനാരായണന്‍ തമ്പി പുരസ്കാരം മംഗളത്തിലെ വി.പി നിസാറിനും ഇ.കെ നായനാര്‍ പുരസ്കാരം മലയാള മനോരമയിലെ ഉല്ലാസിനും നിയമസഭാ റിപ്പോര്‍ട്ടിങ്ങിനുള്ള ജി.കാര്‍ത്തികേയന്‍ പുരസ്കാരം കേരള കൗമുദിയിലെ സി.പി ശ്രീഹര്‍ഷനും മാതൃഭൂമി ന്യൂസിലെ സീജി കടയ്‌ക്കലിനും സമ്മാനിച്ചു. പ്രത്യേക ജൂറി പരാമര്‍ശനത്തന് അര്‍ഹനായി മനോരമ ന്യൂസിലെ കെ.സ് അനൂബിനും പുരസ്കാരം നല്‍കി.