റാഞ്ചി: കാലിത്തീറ്റ കുംഭകോണ കേസിൽ വിധി പറയുന്നത് റാഞ്ചി പ്രത്യേക സിബിഐ കോടതി ഉച്ചയ്ക്ക് ശേഷം 3 മണിയിലേക്ക് മാറ്റിവെച്ചു. രാവിലെ പത്തര മണിക്ക് വിധി കേൾക്കാൻ ലാലുപ്രസാദ് യാദവ് ഉൾപ്പടെയുള്ളവര്‍ കോടതി മുറിയിൽ എത്തിയിരുന്നു. എന്നാൽ വിധി പറയുന്ന സമയം മാറ്റിയതായി ജഡ്ജി അറിയിക്കുകയായിരുന്നു.

കാലിത്തീറ്റ വിതരണം ചെയ്യാനെന്ന പേരിൽ 84.5 ലക്ഷം രൂപ വ്യാജ രേഖകൾ ഹാജരാക്കി ട്രഷറിയിൽ നിന്ന് പിൻവലിച്ച കേസിലാണ് റാഞ്ചി പ്രത്യേക കോടതി ജഡ്ജി ശിവ്പാൽ സിംഗ് ഇന്ന് വിധി പറയുക. രാവിലെ പത്തര മണിക്കാണ് കേസിൽ വിധി പറയാനിരുന്നത്. ഇതനുസരിച്ച് ലാലുപ്രസാദ് യാദവ് ഉൾപ്പടെ 19 പ്രതികൾ കോടതിയിൽ എത്തിയിരുന്നു. എന്നാൽ ചില അസൗകര്യമുള്ളതിനാൽ വിധി പറയുന്നത് 3 മണിയിലേക്ക് മാറ്റിയതായി കോര്‍ട് മാസ്റ്റര്‍ അറിയിക്കുകയായിരുന്നു. കേസിൽ തനിക്ക് നീതി കിട്ടുമെന്ന് ഉറപ്പുണ്ടെന്ന് കോടതിയിലെത്തിയ ലാലുപ്രസാദ് യാദവ് പറഞ്ഞു.

90 കളിൽ ദേശീയ രാഷ്ട്രീയത്തിൽ തന്നെ വലിയ വിവാദങ്ങൾക്ക് വഴിവെച്ച കേസാണ് കാലിത്തീറ്റ കുംഭകോണ കേസ്. 950 കോടി രൂപയുടെ അഴിമതിയിൽ സിബിഐ 64 കേസാണ് രജിസ്റ്റര്‍ ചെയ്തത്. ഇതിൽ ആറുകേസുകളിൽ ലാലുപ്രസാദ് യാദവ് പ്രതിയാണ്. 2013ൽ 37.5 കോടി രൂപയുടെ അഴിമതി നടന്ന ആദ്യ കേസിൽ ലാലുവിന് 5 വര്‍ഷത്തെ ശിക്ഷ കോടതി നൽകി. ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് ജയിലിലായ ലാലുവിന് സുപ്രീംകോടതിയിൽ നിന്ന് ജാമ്യം കിട്ടി. 

കോടതി വിധിയെ തുടര്‍ന്ന് ലാലുവിന്‍റെ പാര്‍ലമെന്‍റ് അംഗത്വം റദ്ദായി. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള വിലക്കും നേരിടേണ്ടിവന്നു. ഇപ്പോഴത്തെ കേസിൽ കൂടി ശിക്ഷക്കപ്പെട്ടാൽ ലാലു വീണ്ടും ജയിലിലേക്ക് പോകേണ്ടിവരും. വീണ്ടും ജയിൽ മോചിതനാകാനുള്ള നിയമപോരാട്ടം നടത്തേണ്ടിവരും. മാത്രമല്ല, പ്രതിപക്ഷ ചേരിക്കൊപ്പം നിൽക്കുന്ന കാര്യത്തിൽ രാഷ്ട്രീയമായി ലാലുവിന് തടസ്സങ്ങളും നേരിടേണ്ടുവരും.