ലോകകപ്പ് ഫേവറിറ്റുകള്‍ തോറ്റത് കസാനില്‍
കസാന്:കാലമെന്ന നദിയിൽ രാജാവും പ്രജയും സാമ്രാജ്യങ്ങളുമെല്ലാം ഒഴുകിപ്പോകുമെന്ന് കുറിച്ച കവി ഗ്രാവില ദേർഷാന്റെ നാടാണ് കസാൻ. ദേർഷാൻ ലോകഫുട്ബോളിലെ സാമ്രാജ്യങ്ങളെക്കുറിച്ചാണ് പറഞ്ഞുവച്ചതെന്ന് തോന്നും കസാൻ അരീനയിലെ ദുരന്തങ്ങൾ കണ്ടാൽ. ഇതൊക്കെയും വെറുതെ പറയുന്നതല്ല. റഷ്യ ആദ്യമായി ലോകകപ്പിന് വേദിയൊരുക്കിയപ്പോള് കസാനിലെ, കാസന് അരീനയിലെ വീണ കണ്ണീരിനൊന്നും കണക്കില്ല. ലോകകപ്പ് നേട്ടം സ്വന്തമാക്കാന് അരയും തലയും മുറുക്കി എത്തിയ വമ്പന്മാരുടെ ശവപ്പറമ്പാകുകയായിരുന്നു കസാന്.
ആദ്യം ജര്മനി
കൊടുമുടി കയറിയ പ്രതീക്ഷകളുമായാണ് ജര്മനി ഈ ലോകകപ്പില് എത്തിയത്. ബ്രസീലിന് ശേഷം ലോകകപ്പ് തുടര്ച്ചായായി സ്വന്തമാക്കുന്ന ആദ്യ രാജ്യമാകാന് അവര് കൊതിച്ചു. ജര്മന് താരങ്ങള് അത്ര കരുത്തരായിരുന്നു. വര്ഷങ്ങളായി ലോക ഫുട്ബോളില് അവര് തുടരുന്ന അപ്രമാദിത്വം ജര്മനിയെ ആത്മവിശ്വാസത്തിന്റെ കെെലാസത്തില് എത്തിച്ചു.

ആദ്യ മത്സരത്തില് മെക്സിക്കോയ്ക്കെതിരെ പരാജയം രുചിച്ചെങ്കിലും ആരും അവരെ തള്ളിപ്പറഞ്ഞില്ല. സ്വീഡനെതിരെ വിജയം നേടി ജര്മന് പട്ടാളം തിരിച്ചെത്തി. പക്ഷേ, നിര്ണായക മത്സരത്തില് ദക്ഷിണ കൊറിയക്കെതിരെ കസാന് അരീനയില് ഇറങ്ങിയ യോവാക്കിം ലോയുടെ കുട്ടികള് കണ്ണീര് രുചിച്ചു. കൊറിയക്കെതിരെ എതിരില്ലാത്ത രണ്ടു ഗോളുകള്ക്ക് തോറ്റ് നിലവിലെ ലോക ചാമ്പ്യന്മാര് ലോകകപ്പിന്റെ ആദ്യ റൗണ്ടില് തന്നെ പുറത്തേക്ക് പോയി.
മെസിയുടെ വേദന
ജര്മനിയുടെ വേദനകളില് തീര്ന്നില്ല കസാനിലെ ദുരന്തം. ലോക ചാമ്പ്യന്മാര്ക്ക് പിന്നാലെ 2014 ലോകകപ്പിലെ രണ്ടാം സ്ഥാനക്കാര്ക്കും പുറത്തേക്കുള്ള വഴി കാണിച്ചു കസാന് അരീന. ആദ്യ റൗണ്ടില് നിറം മങ്ങിയെങ്കിലും നെെജീരിയക്കെതിരെ വിജയം നുകര്ന്ന് പ്രീക്വാര്ട്ടറില് എത്തിയ അര്ജന്റീന ഫ്രഞ്ച് ആക്രമണങ്ങള്ക്ക് മുന്നില് തകര്ന്നടിഞ്ഞു.

ലിയോണല് മെസി എന്ന ലോക ഫുട്ബോളില് നിലവിലുള്ള ഏറ്റവും മികച്ച താരങ്ങളില് ഒരാള്ക്ക് ഒന്നും ചെയ്യാനാകാതെ തന്റെ ടീമിന്റെ തോല്വി നോക്കി നില്ക്കേണ്ടി വന്നു.
അവസാനം കാനറികളും
എക്കാലത്തും ലോകകപ്പ് ഫേവറിറ്റുകളുടെ പട്ടികയില് ബ്രസീല് കാണും. സ്വന്തം നാട്ടില് നടന്ന കഴിഞ്ഞ ലോക പോരാട്ടത്തില് ജര്മനിക്കെതിരെ ഒന്നിനെതിരെ ഏഴു ഗോളുകള്ക്ക് കളി മറന്ന ബ്രസീലായിരുന്നില്ല റഷ്യയില് എത്തിയത്. നെയ്മര്ക്കൊപ്പം വലിയ താരനിര അവരുടെ മുന്നേറ്റങ്ങള്ക്ക് താങ്ങും തണലുമായി നിന്നു. പക്ഷേ, കസാന് ഒരുക്കി വച്ച വേദന അതികഠിനമായിരുന്നു.

ക്വാര്ട്ടറില് അവസാന പ്രതീക്ഷയും തകര്ന്ന് കാനറികള് റഷ്യയിലെ പോരാട്ടങ്ങള് അവസാനിപ്പിച്ചു. ഇനി കസാനും കസാന് അരീനയും ലോകകപ്പില് ഇല്ല. ലോക ഫുട്ബോളില് ഏറ്റവും അധികം ആരാധകരുള്ള ടീമുകളുടെ എല്ലാം കണ്ണീര് വീണ ഭൂമിയായി കസാന് അരീനയെ ചരിത്രം രേഖപ്പെടുത്തും. അവസാന ലോകകപ്പ് മത്സരവും കഴിഞ്ഞ് കസാന് നിശബ്ദമാകുമ്പോള് ശ്രദ്ധിച്ച് നോക്കിയാല് കേള്ക്കാം... ക്രൂസിന്റെയും... മെസിയുടെയും... നെയ്മറിന്റെയുമെല്ലാം തേങ്ങലിന്റെ ശബ്ദം.
