കൊച്ചി: നാല് ചക്രമുള്ള ചെറിയ ഗുഡ്‌സ് വാഹനങ്ങള്‍ക്കും വേഗപ്പൂട്ട് (സ്പീഡ് ഗവര്‍ണര്‍) നിര്‍ബന്ധമാക്കി. ഇത് സംബന്ധിച്ച് കേന്ദ്ര മോട്ടോര്‍ വാഹന നിയമം ഇതിനായി ഭേതഗതി ചെയ്ത ഉത്തരവ് പുറത്തിറക്കി. ചരക്ക് കയറ്റിയാല്‍ 3500 കിലോഗ്രാമില്‍ കുറവ് വരുന്ന വാഗനങ്ങളിലാണ് ഇനിമുതല്‍ വേഗപ്പൂട്ട് നിര്‍ബന്ധമാക്കിയിരിക്കുന്നത്. 

ടാറ്റയുടെ ചെറു ഗുഡ്‌സ് വാഹനമായ എയ്‌സ്, ടാറ്റ 207, മഹീന്ദ്രയുടെ ബൊലേറോ, മാക്‌സ് ട്രക്ക്, അശോക് ലൈലാന്റിന്റെ ദോസ്ത് തുടങ്ങിയ വാഹനങ്ങളില്‍ വേഗപ്പൂട്ട് വീഴും. ഇതേ ഗണത്തിലുള്ള ഒരുവാഹനവും വേഗപ്പൂട്ടില്ലാതെ നിരത്തിലിറക്കരുതെന്നാണ് ഉത്തരവ്. നേരത്തെ ഈ വിഭാഗത്തിലെ വാഹനങ്ങളെ വേഗപ്പൂട്ട് ഘടിപ്പിക്കുന്നതില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

വേഗപ്പൂട്ടില്ലാത്ത പഴയവാഹനങ്ങള്‍ക്ക് ഇനി റീ രജിസ്‌ട്രേഷന്‍ നല്‍കില്ല. പുതിയ വാഹനങ്ങള്‍ക്ക് കമ്പനിതന്നെ വോഗപ്പൂട്ട് ഘടിപ്പിക്കേണ്ടതായും വരും. എട്ട് സീറ്റ് വരെയുള്ള യാത്രാവാഹനങ്ങള്‍, ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍, ഫയര്‍ഫോഴ്‌സ്, പോലീസ് വാഹനങ്ങള്‍, ആംബുലന്‍സ് എന്നവയ്ക്ക് വേഗപ്പൂട്ട് വേണ്ട.