കോഴിക്കോട്: എൻ.ബി.എ അക്രിഡിറ്റേഷൻ ലഭിച്ച എൻജിനീയറിങ് കോളേജുകൾക്ക് വിദ്യാഭ്യാസ മന്ത്രി അയച്ച സർട്ടിഫിക്കറ്റുകളിൽ അക്ഷരതെറ്റുകൾ. കോഴിക്കോട് അടക്കം എട്ട് എൻജിനീയറിങ് കോളേജുകൾക്ക് അംഗീകാരം ലഭിച്ചതിനെ തുടർന്ന് അയച്ച സർട്ടിഫിക്കറ്റിലാണ് വലിയ തെറ്റുകൾ കടന്നുകൂടിയത്.


സർട്ടിഫിക്കറ്റ് എന്ന വാക്ക് തന്നെ തെറ്റായി അച്ചടിച്ചിരിക്കുന്ന സർട്ടിഫിക്കറ്റാണ് വിദ്യാഭ്യാസ മന്ത്രിയുടെ ഒപ്പും സീലും വച്ച് അയച്ചിരിക്കുന്നത്.എൻ.ബിഎ അംഗീകാരം ലഭിച്ചതിന് പിന്നാലെയാണ് സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് കോളേജുകൾക്ക് അഭിനന്ദനം അറിയിച്ച് സർട്ടിഫിക്കറ്റ് നൽകിയത്. കഴിഞ്ഞ ദിവസമാണ് എജിനീയറിങ് കോളേജുകൾക്ക് ടെക്നിക്കൽ എജ്യുക്കേഷൻ ഡയറക്ടർ ‍ഡോ.കെ.പി ഇന്ദിരാദേവിയും മന്ത്രി സി രവീന്ദ്രനാഥും ഒപ്പുവെച്ച സർട്ടഫിക്കറ്റ് ലഭിക്കുന്നത്. കോളേജുകളാകട്ടെ ഇത് എല്ലാ അധ്യാപകർക്കും വിദ്യാർത്ഥികളും അയച്ചു കൊടുക്കുകയും ചെയ്തു. സർട്ടിഫിക്കറ്റിനു പുറമെ പ്രസന്റഡ് എന്ന വാക്കിലും അക്ഷരതെറ്റുണ്ട്. 

പ്രഫസറായ വിദ്യാഭ്യാസ മന്ത്രി ഇത്തരം തെറ്റുകൾ ശ്രദ്ധിക്കാത്തതിനെതിരെ വിദ്യാർത്ഥികൾ രംഗത്തെത്തി. സർട്ടിഫിക്കറ്റുകൾ പിൻവലിച്ച് പുതിയത് നൽകണമെന്ന് പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകൾ ആരോപിച്ചു. എന്നാൽ ടെക്നിക്കൽ എജ്യുക്കേഷൻ ഡയറക്ടർ ആണ് ഒപ്പിട്ടിരിക്കുന്നതെന്നും ഡയറക്ടർ അവധിയിലായതിനാൽ ഇതേകുറിച്ച് അറിയില്ലെന്നുമാണ് സാങ്കേതിക വിദ്യാഭ്യസ ഓഫീസിന്റെ വിശദീകരണം.