കൊല്ലം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇനിയും ഒരു അവസരം കൂടി നല്‍കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള. ഒരു അവസരം കൂടി നല്‍കിയാല്‍ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കി ഇന്ത്യയെ മാറ്റാന്‍ പ്രധാനമന്ത്രിക്ക് കഴിയുമെന്ന് ശ്രീധരന്‍ പിള്ള. എന്‍ഡിഎയുടെ മഹാസംഗമത്തില്‍ സംസാരിക്കുകയായിരുന്നു ശ്രീധരന്‍ പിള്ള. 

എല്‍ഡിഎഫിന്‍റെയും യുഡിഎഫിന്‍റെയും ഗ്രാഫ് താഴേക്ക് പോവുകയാണെന്നും എന്നാല്‍ ബിജെപിയുടേത് മുകളിലേക്ക് പോവുകയാണെന്നും ശ്രീധരന്‍ പിള്ള പറ‍ഞ്ഞു. എന്‍ഡിഎ കേരളം ഭരിക്കുമെന്ന് ബിജെപിയുടെ ദേശീയ അധ്യക്ഷന്‍ അമിത് ഷാ  പ്രഖ്യാപിച്ചത് ചരിത്ര മാറ്റത്തിന്‍റെ സൂചനയാണ്. അതിന് വേണ്ടി എല്ലാവരും മുന്നോട്ട് വരണമെന്നും വിജയം നമുക്കാണെന്നും ശ്രീധരന്‍ പിള്ള പ്രസംഗത്തിനിടെ പറഞ്ഞു.