കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യും ബിജെപി 24 മണിക്കൂര്‍ നിരാഹാര സമരത്തിന്

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ പ്രത്യേക അന്വേഷണ സംഘം ഇന്ന് കൂടുതല്‍ പേരെ ചോദ്യം ചെയ്യും. സിഐയും എസ്ഐയും അടക്കമുള്ളവരില്‍ നിന്ന് മൊഴിയെടുക്കും. കേസില്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന. മര്‍ദ്ദനം നടന്നതിനെ കുറിച്ച് കൃത്യമായ സൂചനകള്‍ ലഭിച്ചിട്ടുണ്ടെങ്കിലും മരണ കാരണമായ മര്‍ദ്ദനം ആര് നടത്തി എന്നതില്‍ വ്യക്തതയാണ് അന്വേഷണ സംഘം തേടുന്നത്

ഇന്നത്തെ ചോദ്യം ചെയ്യലില്‍ ഇതിനുള്ള ഉത്തരം ലഭിക്കുമെന്നാണ് സൂചന. കസ്റ്റഡിയിലെടുത്ത രാത്രിയിലാണ് ശ്രീജിത്ത് ക്രൂര മര്‍ദനമേറ്റതെന്ന നിഗമനത്തിലാണ് കൊച്ചിയില്‍ ശ്രീജിത്തിനെ ചികിത്സിച്ച ‍ഡോക്ടര്‍മാരും ഫോറന്‍സിക് വിദഗ്ദരും. പറവൂര്‍ സിഐ ക്രിസ്‌പിന്‍ സാം, വരാപ്പുഴ എസ്ഐ ദീപക് അടക്കമുള്ള പൊലീസുദ്യോഗസ്ഥരെ ആലുവ പൊലീസ് ക്ലബിലാണ് ചോദ്യം ചെയ്യുക. സസ്പെന്‍ഷന്‍ഷനിലായ ആര്‍ടിഎഫ് ഉദ്യോഗസ്ഥരില്‍ നിന്നും മൊഴിയെടുക്കും.

ഇതിനിടെ ശ്രീജിത്തിന്‍റെ മരണം സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍ ഇന്ന് കൊച്ചിയില്‍ 24 മണിക്കൂര്‍ നിരാഹാര സമരം ആരംഭിക്കും. കൊച്ചി ഹൈക്കോടതി ജംഗ്ഷനിലെ ഉപവാസം ബിജെപി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യും.