ശ്രീജിത്തിനെ കാണിച്ചുകൊടുത്ത ഗണേശനെ പ്രതിയാക്കണമെന്ന് കുടുംബം
കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ വാസുദേവന്റെ സഹോദരന്‍ ഗണേശനെതിരെ ശ്രീജിത്തിന്റെ കുടുംബം. ഗണേശനെ കേസിൽ പ്രതിയാക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. മകന്റെ മരണത്തിന് ഗണേശൻ ഉത്തരവാദിയാണെന്നും
ഗണേശനെ ചോദ്യം ചെയ്താൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാകുമെന്നും ശ്രീജിത്തിന്റെ പേര് ഗണേശനെ കൊണ്ട് പറയിപ്പിച്ചതാണോ എന്ന് അന്വേഷിക്കണമെന്നും അമ്മ ശ്യാമള പറഞ്ഞു. ഗണേശനാണ് ആർടിഎഫ് ഉദ്യോഗസ്ഥർക്ക് ശ്രീജിത്തിന്റെ വീട് കാണിച്ചു കൊടുത്തതെന്നും ശ്യാമള പറഞ്ഞു.
അതേസമയം ആർടിഎഫ് ഉദ്യോഗസ്ഥർ നൽകിയ ഫോട്ടോയിൽ ഉള്ള ആളെ കാണിച്ചു നൽകുക മാത്രമാണ് ചെയ്തതെന്നും താൻ സ്വയം ആരുടേയും പേര് പറഞ്ഞിട്ടില്ലെന്നും ഗണേശന്‍ പറഞ്ഞു. അവർ കാണിച്ച ഫോട്ടോയിൽ ഉണ്ടായിരുന്നത് ശ്രീജിത്തിന്റെ മൂത്ത സഹോദരൻ രഞ്ജിത്തായിരുന്നു. അയാളെ കാണിച്ചു കൊടുക്കാനാണ് വീട്ടിൽ പോയതെന്നും ഗണേശൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
