പറവൂര്‍ മജിസ്ട്രേറ്റിനെതിരെ ഹൈക്കോടതിയില്‍ പൊലീസിന്‍റെ പരാതി ശ്രീജിത്തിനെ ഹാജരാക്കാൻ കൊണ്ടുവന്നപ്പോൾ മജിസ്ട്രേറ്റ് മടക്കി അയച്ചൂ

കൊച്ചി: വരാപ്പുഴ ശ്രീജിത്തിന്‍റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസില്‍ പറവൂര്‍ മജിസ്ട്രേറ്റിനെതിരെ ഹൈക്കോടതിയില്‍ പൊലീസിന്‍റെ പരാതി. ശ്രീജിത്തിനെ ഹാജരാക്കാൻ കൊണ്ടുവന്നപ്പോൾ മജിസ്ട്രേറ്റ് മടക്കി അയച്ചെന്നാണ് പൊലീസിന്റെ പരാതി. 

പരാതിയെ തുടര്‍ന്ന്, ഹൈക്കോടതി പറവൂർ മജിസ്ട്രേറ്റിനോട് വിശദീകരണം തേടി. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത് തൊട്ടടുത്ത ദിവസമായിരുന്നു ഇത്. ഏഴിനാണ് മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കാൻ കൊണ്ടുപോയത്.

വീട് ആക്രമിച്ചതിനെ തുടര്‍ന്ന് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത കേസില്‍ വരാപ്പുഴ പോലീസ് കസ്റ്റഡിയിലെടുത്ത ശ്രീജിത്ത് ഒമ്പതാം തീയതിയാണ് ആശുപത്രിയില്‍ വച്ച് മരണപ്പെട്ടത്. ആന്തരിക രക്തസ്രവത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനയില്ല. 

ശ്രീജിത്തിനെ പന്ത്രണ്ടാം പ്രതിയാക്കിയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍ ആളുമാറിയാണ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തതെന്നും വീട്ടില്‍ നിന്ന് പിടികൂടി കൊണ്ടു പോകുന്പോള്‍ തന്നെ പോലീസ് മര്‍ദ്ദനം ആരംഭിച്ചിരുന്നുവെന്നുമാണ് ശ്രീജിത്തിന്‍റെ വീട്ടുകാരും അയല്‍വാസികളും പറയുന്നത്.