ശ്രീജിത്തിന്റെ കസ്റ്റഡി മരണക്കേസ് കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യും

ശ്രീജിത്തിന്റെ കസ്റ്റഡി മരണക്കേസിൽ പ്രത്യേക അന്വേഷണ സംഘം കൂടുതൽ ചോദ്യം ചെയ്യലിലേക്ക്. സിഐയും എസ്ഐയും അടക്കമുള്ളവരെ നാളെ മുതൽ ചോദ്യം ചെയ്യും.രണ്ട് ദിവസത്തിനുള്ളിൽ കേസിൽ സുപ്രധാന തീരുമാനം ഉണ്ടാകുമെന്നാണ് പ്രത്യേക അന്വേഷണ സംഘം നൽകുന്ന സൂചന.

ശ്രീജിത്തിന്റെ കസ്റ്റ‍ഡി മരണത്തിൽ പൊലീസിന്റെ പങ്ക് തെളിഞ്ഞിട്ടുണ്ടെങ്കിലും ആരാണ് മർദ്ദിച്ചത് എന്നത് സംബന്ധിച്ച് അന്വേഷണസംഘത്തിന് വ്യക്തത വന്നിട്ടില്ല.ഈ ചോദ്യത്തിനാണ് ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഉത്തരം തേടുന്നത്. കൊച്ചിയിൽ ശ്രീജിത്തിനെ ചികിത്സിച്ച ഡോക്ടർമാരും ഫോറൻസിക് വിദഗ്ദരും കസ്റ്റഡിക്കാലത്ത് തന്നെയാണ് ശ്രീജിത്ത് ക്രൂര മർദനത്തിന് ഇരയായത് എന്ന നിഗമനത്തിൽ എത്തിചേർന്നിട്ടുണ്ട്.

അങ്ങനെയെങ്കിൽ വരാപ്പുഴ സ്റ്റേഷനിലോ മുനമ്പം സ്റ്റേഷനിലോ കസ്റ്റ‍ഡിയിലെടുക്കുന്ന സമയമോ ആകാം ശ്രീജിത്ത് ക്രൂര മർദനത്തിന് ഇരയായത്. വിശദമായ ചോദ്യം ചെയ്യലിലൂടെ രണ്ട് ദിവസത്തിനുള്ളിൽ ഇത് സംബന്ധിച്ച കൃത്യമായ സൂചനകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.പറവൂർ സിഐ ക്രിസ്പിൻ സാം, വരാപ്പുഴ എസ്ഐ ദിപക് അടക്കമുള്ള പൊലീസുദ്യോഗസ്ഥരെ ആലുവ പൊലീസ് ക്ലബിൽ ചോദ്യം ചെയ്യും. സസ്പെന്ഷന്‍ഷനിലായ ആര്‍ടിഎഫ് ഉദ്യോഗസ്ഥരെയും വീണ്ടും ചോദ്യം ചെയ്യും.അതേ സമയം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഇന്ന് ശ്രീജിത്തിന്റെ വീട്ടിൽ സന്ദർശനം നടത്തും.