Asianet News MalayalamAsianet News Malayalam

ശ്രീനാരായണ ഗുരു ഹിന്ദു സന്യാസിയെന്ന് ബിജെപി

Sreenarayana Guru bjp
Author
First Published Sep 16, 2016, 7:02 AM IST

തിരുവനന്തപുരം: ശ്രീനാരായണ ഗുരു ഹിന്ദു സന്യാസിയാണെന്ന് പ്രഖ്യാപിച്ച് ബിജെപി കേരളഘടകം. ചതയ ദിനത്തില്‍ കേരള ഘടകത്തിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക് പേജിലൂടെയാണ് ഗുരു ഹൈന്ദവ സന്യാസിയാണെന്ന ബിജെപിയുടെ പുതിയ പ്രഖ്യാപനം.  ഹൈന്ദവാദര്‍ശങ്ങള്‍ മുറുകെപ്പിടിച്ച സന്യാസിയായിരുന്നു ഗുരുവെന്നും ഒരു കാലത്ത് അവഹേളിച്ചവര്‍ ഇപ്പോള്‍ അദ്ദേഹത്തെ കൊണ്ടുനടക്കുകയാണെന്നും ഗുരുവിന്റെ ആശയങ്ങളെ കപടപുരോഗമനവാദികള്‍ വളച്ചൊടിക്കുന്നുവെന്നും പോസ്റ്റില്‍ കുറ്റപ്പെടുത്തുന്നു. ദേശീയ ധാരയിൽ നിന്ന് ഗുരുവിനെ അടർത്തി മാറ്റാനുള്ള ഏതൊരു ശ്രമങ്ങളെയും ഒറ്റക്കെട്ടായി ചെറുക്കണമെന്നും പോസ്റ്റ് ആഹ്വാനം ചെയ്യുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കേരളം ലോകത്തിന് സംഭാവന നൽകിയ ഏറ്റവും മഹാനായ ഹിന്ദു സന്യാസിയാണ് നാരായണ ഗുരുദേവൻ. പുഴുക്കുത്തുകൾ ഇല്ലാതാക്കി ഹിന്ദു ധർമ്മത്തെ നവീകരിച്ച ഗുരുദേവൻ തന്നെയാണ് കേരളം കണ്ട ഏറ്റവും വലിയ വിപ്ലവകാരിയും. അനാചാരങ്ങൾക്കെതിരെ ശബ്ദം ഉയർത്തുമ്പോഴും അത് സ്വധർമ്മത്തിന് എതിരാകാതിരിക്കാൻ അദ്ദേഹം ശ്രദ്ധിച്ചു. പരിഷ്കാരത്തിന്റെ പേരിൽ സംസ്കാരത്തെയും സ്വന്തം നാടിനെ തന്നെയും തള്ളി പറയാൻ മടി കാണിക്കാത്ത ഇന്നത്തെ കപട 'പുരോഗമന' വാദികൾക്ക് ഒരു പാഠമാണ് ഗുരുദേവന്റെ പ്രവർത്തികൾ. ഗുരു ഉയർത്തിയ ചിന്തകൾക്ക് സ്വീകാര്യത വർധിക്കുന്നത് കണ്ട് അദ്ദേഹത്തെ സ്വന്തമാക്കാൻ ശ്രമിക്കുന്നവർ ഒരിക്കൽ അദ്ദേഹത്തെ കണക്കറ്റ് പരിഹസിച്ചിരുന്നവരും പുലഭ്യം പറഞ്ഞിരുന്നവരുമാണ് എന്നത് ശ്രദ്ധേയമാണ്. ഗുരുദേവ ദർശനങ്ങളെ വക്രീകരിച്ച് അദ്ദേഹത്തെ ഈ നാടിന്റെ ദേശീയ ധാരയിൽ നിന്ന് അടർത്തി മാറ്റാനുള്ള ഏതൊരു ശ്രമങ്ങളെയും നാം ഒറ്റക്കെട്ടായി ചെറുക്കണം.

ജനസംഘത്തിന്റെ ദേശീയ സമ്മേളനം ആദ്യമായി കേരളത്തിൽ നടന്നപ്പോൾ കോഴിക്കോട്ടെ സമ്മേളന നഗരിക്ക് നൽകിയത് ഗുരുദേവന്റെ പേര് ആയിരുന്നു. ആ സമ്മേളനത്തിന്റെ അൻപതാം വർഷത്തിൽ മറ്റൊരു ദേശീയ കൗൺസിലിന് കൂടി കോഴിക്കോട് സാക്ഷ്യം വഹിക്കാൻ പോവുകയാണ്. സമ്മേളനം തുടങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ എത്തുന്ന ഗുരുദേവ ജയന്തി ആവേശ സ്മരണകളാണ് ഉയർത്തുന്നത്. ഏവർക്കും ചതയ ദിനാശംസകൾ.

 

Follow Us:
Download App:
  • android
  • ios