തിരുവനന്തപുരം: ഏറെ നാളായി പിന്തുണക്കുന്ന ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയത് സിപിഐക്ക് കനത്ത തിരിച്ചടിയാണ്. സിപിഐ ബഹിഷ്കരിച്ച സര്‍വകക്ഷിയോഗത്തിന് പിന്നാലെ മൂന്നാര്‍ വിഷയത്തില്‍ ശ്രീറാമിനനുകൂലമായി ഹൈക്കോടതി വിധി കൂടി വന്നതോടെയാണ് അദ്ദേഹത്തെ മാറ്റി സിപിഎം കണക്ക് തീര്‍ത്തത്.

ശ്രീറാം വെങ്കിട്ടരാമനെന്ന യുവ ഐഎഎസ് ഓഫീസര്‍ എറെ നാളായി സിപിഎം നേതൃത്വത്തിന്റെ കണ്ണിലെ കരടാണ്.ഇടുക്കിയിലെ പ്രാദേശിക സിപിഎം നേതാക്കള്‍ മുതല്‍ ജില്ലാ സെക്രട്ടറിയും എസ് രാജേന്ദ്രന്‍ എംഎല്‍എയും മന്ത്രി എംഎം മണിയുമെല്ലാം ഈ പ്രതിഷേധം പലവട്ടം പ്രകടിപ്പിച്ചതുമാണ്. കയ്യേറ്റസ്ഥലത്തെ കുരിശ് അടിച്ചുപൊട്ടിച്ചപ്പോള്‍ മുഖ്യമന്ത്രിയും അദ്ദേഹത്തിനെതിരെ പൊട്ടിത്തെറിച്ചു.

ഈ സമയത്തെല്ലാം സിപിഐ സംസ്ഥാനനേതൃത്വവും മന്ത്രി ഇ.ചന്ദ്രശേഖരനും അദ്ദേഹത്തിന് പൂര്ണപിന്തുണ നല്‍കി.ഒടുവില്‍ സീനിയോറിറ്റിയുടെ പേര് പറഞ്ഞ് അദ്ദേഹത്തെ മാറ്റുുമ്പോള്‍ തെറ്റെന്ന് പറയാന്‍ സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി മാത്രമാണുള്ളത്. എതിര്‍പ്പുണ്ടെങ്കിലും കാനം രാജേന്ദ്രനടക്കമുള്ള നേതാക്കളും മന്തിയുമൊക്കെ ഇത് സാധാരണ നടപടിയെന്ന് മാത്രമെ പറയുന്നുള്ളു.

കെപിസിസി ഉപാധ്യക്ഷന്‍ സര്‍ക്കാരിനെ പിന്തുണച്ചപ്പോള്‍ രമേശ് ചെന്നിത്തലയടക്കമുള്ള നേതാക്കള്‍ അദ്ദേഹത്തെ തള്ളി സര്‍ക്കാരിനെ വിമര്‍ശിച്ചു. എന്തായാലും സിപിഐക്കുമേല്‍ സിപിഎമ്മിന്‍റെ വാശി ഈ ഘട്ടത്തില്‍ വിജയിച്ചിരിക്കുകയാണ്. സാധാരണ സര്‍ക്കാര്‍ നടപടിയെന്ന് പറയുന്ന സിപിഐ നേതാക്കള്‍ ഈ വിഷയത്തില്‍ ഇനി എന്ത് നിലപാട് സ്വീകരിക്കുമെന്നതും ശ്രദ്ധേയമായിരിക്കും.