ചോദ്യപേപ്പര്‍ വിതരണത്തില്‍ അപാകത

തിരുവനന്തപുരം: എസ്‌.എസ്‌.എല്‍.സി പരീക്ഷയ്ക്ക്‌ മാറനല്ലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ചോദ്യ പേപ്പറുകള്‍ വിതരണം ചെയ്യുന്നത്‌ വൈകി. ഇന്നലെ ആരംഭിച്ച എസ്‌എസ്‌എല്‍സി പരീക്ഷയില്‍ ചോദ്യപേപ്പര്‍ വിതരണം ചെയ്യ്‌തത്‌ വൈകിയെന്ന്‌ പരാതി. മാറനല്ലൂര്‍ ഡിവിഎംഎന്‍എന്‍എം എച്ച്‌ എസ്‌ എസിലെ 3 സെക്‌ഷനുകളില്‍ നടന്ന മലയാളം കേരളപാഠാവലി പരിക്ഷയുടെ ചോദ്യപേപ്പര്‍ വിതരണത്തിലാണ്‌ അപാകത ഉണ്ടായതായി പരാതി ഉയര്‍ന്നത്‌. 

പരീക്ഷക്ക്‌ 1.45 നാണ്‌ ചോദ്യപേപ്പര്‍ വിതരണം ചെയ്യേണ്ടതെങ്കിലും സമാശ്വാസ സമയം ( കൂള്‍ ഓഫ്‌ ടൈം) കഴിഞ്ഞ്‌ 2 മണിക്ക്‌ ശേഷമാണ്‌ ചോദ്യപേപ്പര്‍ വിതരണം നടന്നത്‌. പരീക്ഷ എഴുതുന്നതിന്‌ അനുവധിച്ചിട്ടുളള ഒന്നര മണിക്കൂര്‍ കഴിഞ്ഞ്‌ 3.30 ന്‌ ബെല്ലടിച്ചതോടെ എല്ലാ ക്ലാസുകളില്‍ നിന്നും ഉത്തര പേപ്പറുകള്‍ അധ്യാപകര്‍ വാങ്ങുകയും ചെയ്യ്‌തു. 2 മണിക്കാണ്‌ തങ്ങള്‍ക്ക്‌ ചോദ്യപേപ്പര്‍ ലഭിച്ചതെന്നും കൂടുതല്‍ സമയം അനുവദിക്കണമെന്നും വിദ്യാര്‍ഥികള്‍ അധ്യാപകരോട്‌ അഭ്യര്‍ത്ഥിച്ചെങ്കിലും സമയം അനുവധിക്കാന്‍ അധ്യാപകര്‍ കൂട്ടാക്കിയില്ല.

പരീക്ഷക്ക്‌ ചില ക്ലാസുകളില്‍ ചോദ്യപേപ്പര്‍ വിതരണം ചെയ്യുന്നത്‌ വൈകിയെന്ന്‌ പ്രഥമാധ്യാപിക സമ്മതിച്ചെങ്കിലും എന്തുകൊണ്ടാണ്‌ ചോദ്യപേപ്പര്‍ വിതരണത്തില്‍ അപാകതയുണ്ടായതെന്ന്‌ വിശദീകരിച്ചില്ല. പരീക്ഷ കഴിഞ്ഞിറങ്ങിയ വിദ്യാര്‍ഥികളില്‍ പലരും കരഞ്ഞ്‌ കൊണ്ട്‌ വരുന്നത്‌ കണ്ട രക്ഷിതാക്കള്‍ പ്രഥമാധ്യാപികക്ക്‌ പരാതി നല്‍കി. വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്‌ വിദ്യാഭ്യാസ മന്ത്രിക്കും ,പൊതുവിദ്യാഭ്യസ ഡററക്‌ടര്‍ക്കും നെയ്യാറ്റിന്‍കര ഡിഇഓക്കും രക്ഷിതാക്കള്‍ പരാതി നല്‍കി.