ചെന്നൈയില്‍ പാര്‍ട്ടി ആസ്ഥാനമായ കലൈഞ്ജര്‍ അരംഗത്തില്‍ നടന്ന ജനറല്‍ കൗണ്‍സില്‍ യോഗം ഏകകണ്ഠമായാണ് പാര്‍ട്ടി അദ്ധ്യക്ഷപദവിയുടെ ചുമതല എം കെ സ്റ്റാലിന് കൈമാറാന്‍ തീരുമാനിച്ചത്. നിലവില്‍ പാര്‍ട്ടിയുടെ ട്രഷററും യുവജനവിഭാഗം തലവനുമാണ് സ്റ്റാലിന്‍. ഈ രണ്ട് പദവികളും വഹിച്ചുകൊണ്ടുതന്നെ പാര്‍ട്ടി അദ്ധ്യക്ഷന്റെ ചുമതലകള്‍ കൂടി കൈകാര്യം ചെയ്യാനാണ് സ്റ്റാലിനെ ചുമതലപ്പെടുത്തിയിരിയ്ക്കുന്നത്. പാര്‍ട്ടി അദ്ധ്യക്ഷന്‍ കരുണാനിധിയുടെ അനാരോഗ്യത്തെത്തുടര്‍ന്ന് അദ്ദേഹത്തിന് ചുമതല നിര്‍വഹിയ്ക്കാനാകാത്ത സാഹചര്യത്തിലാണ് നേതൃമാറ്റത്തിന് കളമൊരുങ്ങിയത്. അദ്ധ്യക്ഷന്‍ ജീവിച്ചിരിയ്‌ക്കെ മറ്റൊരാള്‍ക്ക് ചുമതല നല്‍കാന്‍ പാര്‍ട്ടി ഭരണഘടനയുടെ പതിനെട്ടാം അനുച്ഛേദത്തില്‍ ജനറല്‍ കൗണ്‍സില്‍ ഭേദഗതി വരുത്തി. പാര്‍ട്ടി ഏല്‍പിച്ച ചുമതല ഫലപ്രദമായി നിര്‍വഹിയ്ക്കുമെന്ന് സ്റ്റാലിന്‍ വ്യക്തമാക്കി.

അഴഗിരി ഉള്‍പ്പടെ എതിര്‍ചേരിയിലുള്ളവരെ വെട്ടിനിരത്തി 2012 ഓടെ പാര്‍ട്ടി പദവികളിലെല്ലാം സ്വന്തം പക്ഷത്തിലുള്ളവരെ നിയമിയ്ക്കുക വഴി അടുത്ത പാര്‍ട്ടി അദ്ധ്യക്ഷന്‍ ഇനി സ്റ്റാലിന്‍ തന്നെയാകുമെന്ന കാര്യം ഏതാണ്ടുറപ്പായിരുന്നു. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തുപോലും പാര്‍ട്ടിയുടെ അധികാരം സ്റ്റാലിന് വിട്ടുനല്‍കാന്‍ കരുണാനിധി തയ്യാറായില്ല. അനാരോഗ്യം മൂലം കരുണാനിധി സ്ഥാനമൊഴിയുമ്പോള്‍ ഡിഎംകെ രാഷ്ട്രീയത്തെ മുന്നില്‍ നിന്ന് നയിയ്‌ക്കേണ്ട ചുമതല ഇനി സ്റ്റാലിനാണ്. ജനപ്രീതിയില്‍ കരുണാനിധിയെപ്പോലും കടത്തിവെട്ടിയിരുന്ന ജയലളിത അന്തരിച്ച ശേഷം തോഴി ശശികലയാണ് അണ്ണാ ഡിഎകെ നേതൃത്വത്തിലുള്ളതെന്നത് സ്റ്റാലിന് നേട്ടമാണ്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അണ്ണാ ഡിഎംകെയെ നേരിട്ട് വിജയം നേടുകയെന്നതാവും സ്റ്റാലിന് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി. അതേസമയം, മറുപക്ഷത്ത്, അണ്ണാഡിഎംകെയുടെ കീഴ്ഘടകങ്ങളില്‍ സ്വാധീനമുറപ്പിയ്ക്കാന്‍ ജില്ലാ ഭാരവാഹികളുമായി ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ചര്‍ച്ചകള്‍ നടത്തുകയാണ് പുതിയ ജനറല്‍ സെക്രട്ടറി ശശികല നടരാജന്‍.