തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസില്‍ കെ കരുണാകരന്‍ രാജിവെച്ചതുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലില്‍ ഉറച്ചുനില്‍ക്കുന്നതായി കെപിസിസി പ്രസിഡന്‍റ് എം.എം ഹസന്‍. ഏറെ കാലമായി മനസിലുണ്ടായിരുന്ന വികാരമാണ് പ്രകടിപ്പിച്ചത്. പറഞ്ഞ കാര്യങ്ങള്‍ക്ക് മറ്റ് വ്യാഖ്യാനങ്ങള്‍ നല്‍കേണ്ട. ഇതു സംബന്ധിച്ച് ഗ്രൂപ്പില്‍ ആശയക്കുഴപ്പം ഉണ്ടോയെന്നത് ഇപ്പോള്‍ ചര്‍ച്ചചെയ്യേണ്ടെന്നും ഹസന്‍ പറഞ്ഞു.
ചാരക്കേസിന്റെ പേരില്‍ കെ.കരുണാകരനെ രാജിവെപ്പിക്കാന്‍ നടത്തിയ നീക്കത്തില്‍ കുറ്റബോധം ഉണ്ടെന്നാണ് എം.എം ഹസ്സന്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. കെ.കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജി വെപ്പിക്കാന്‍ ശ്രമിക്കരുതെന്ന് തന്നോടും ഉമ്മന്‍ചാണ്ടിയോടും എ.കെ ആന്റണി ആവശ്യപ്പെട്ടിരുന്നെന്നും എം.എം ഹസ്സന്‍ പറഞ്ഞിരുന്നു.
മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും കെ.കരുണാകരനെ നീക്കിയാല്‍ പാര്‍ട്ടിക്ക് വലിയ ക്ഷീണം ചെയ്യുമെന്ന് എ.കെ ആന്റണി മുന്നറിയിപ്പ് നല്കിയിരുന്നെന്നും എം.എം ഹസ്സന്‍ പറഞ്ഞു. അതേസമയം കരുണാകരന്റെ ആത്മാവ് വേട്ടയാടുന്നത് കൊണ്ടാവാം ഈ കുറ്റസമ്മതം നടത്തിയതെന്ന് കരുതുന്നതെന്നായിരുന്നു കേണ്‍ഗ്രസ് നേതാവ് രാജ് മോഹന്‍ ഉണ്ണിത്താന്‍റെ പ്രതികരണം.
