കേരള പുനർനിർമ്മാണത്തിന് വ്യക്തികളിൽ നിന്നും സംഘടനകളിൽ നിന്നും പണം സ്വീകരിക്കുന്നതിനുള്ള മാർഗരേഖക്ക് മന്ത്രിസഭ അംഗീകാരം നൽകി. ചികിത്സ കഴിഞ്ഞ മുഖ്യമന്ത്രി അമേരിക്കയിൽ നിന്നും 24 ന് തിരിച്ചെത്തും. 27ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ അടുത്ത മന്ത്രിസഭാ യോഗം ചേരും.
തിരുവനന്തപുരം: കേരള പുനർനിർമ്മാണത്തിന് വ്യക്തികളിൽ നിന്നും സംഘടനകളിൽ നിന്നും പണം സ്വീകരിക്കുന്നതിനുള്ള മാർഗരേഖക്ക് മന്ത്രിസഭ അംഗീകാരം നൽകി. ചികിത്സ കഴിഞ്ഞ് മുഖ്യമന്ത്രി അമേരിക്കയിൽ നിന്നും 24 ന് തിരിച്ചെത്തും. അടുത്ത മന്ത്രിസഭാ യോഗം 27ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരും.
-മഖ്യമന്ത്രിയുടെ അഭാവത്തിൽ വ്യവസായമന്ത്രി ഇപി ജയരാജൻറെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് ക്രൗഡ് ഫണ്ടിങ്ങിനുള്ള രൂപരേഖ അംഗീകരിച്ചത്. കേരള പുനർനിർമ്മാണത്തിന് വ്യക്തികളിൽ നിന്നും, ഗ്രൂപ്പുകളിൽ നിന്നും സംഘടനകളിൽ നിന്നും പണം സ്വീകരിക്കുന്നതിനാണ് മാർഗരേഖ.
വീടുകൾ, സ്കൂളുകൾ, ആശുപത്രികൾ എന്നിവയുടെ പുനർനിർമാണത്തിനാണ് സഹായം തേടുക. ഒന്നുകിൽ നിർമ്മാണത്തിനുള്ള പണം നൽകാം. അല്ലെങ്കിൽ സ്വന്തം നിലയിൽ നിർമാണം ഏറ്റെടുക്കാം. അതുമല്ലെങ്കിൽ സർക്കാർ നിശ്ചയിക്കുന്ന നിർമ്മാണ ഏജൻസിക്കും പണം നൽകാം.
പ്രവാസികളുടെ സഹായമാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. പ്രളയക്കെടുതി മേഖലയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളും കാബിനറ്റ് വിലയിരുത്തി. കഴിഞ്ഞ 30ന് ശേഷം ആദ്യമായാണ് മന്ത്രിസഭാ യോഗം ചേരുന്നത്. രണ്ടിന് മുഖ്യമന്ത്രി ചികിത്സക്ക് പോയശേഷം ഇതുവരെ കാബിനറ്റ് ചേരാത്തത് വിവാദമായിരുന്നു. മുഖ്യമന്ത്രിയുടെ ആരോഗ്യപുരോഗതിയെ കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ഔദ്യോഗികമായി ഓഫീസ് അറിയിക്കുന്നില്ല.
