ദേശീയ-സംസ്ഥാന പാതകള്‍ക്ക് സമീപമുള്ള മദ്യശാലകള്‍ മാര്‍ച്ച് 31നകം പൂട്ടണമെന്നാണ് നേരത്തെ സുപ്രീം കോടതി വിധിച്ചത്. ഈ ഉത്തരവില്‍ വൃക്തത തേടിയാണ് സര്‍ക്കാര്‍ ഇന്ന് കോടതിയെ സമീപിച്ചത്. ഇതോടൊപ്പം ഉത്തരവില്‍ ചില ഭേദഗതികളും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ബിയര്‍, വൈന്‍, കള്ള് എന്നിവ മദ്യമായി പരിഗണിക്കകരുതെന്നാണ് സംസ്ഥാനം കോടതിയില്‍ പ്രധാനമായും ആവശ്യപ്പെട്ടത്. ഇതോടൊപ്പം മദ്യശാലകള്‍ പൂട്ടാന്‍ കൂടുതല്‍ സമയം വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. 2018 ഏപ്രില്‍ ഒന്നുവരെയാണ് കേരളം സമയം ആവശ്യപ്പെട്ടിരിക്കുന്നത്. ഇതോടൊപ്പം ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്കും ഉത്തരവ് ബാധകമാണോ എന്ന കാര്യത്തിലും സര്‍ക്കാര്‍ വ്യക്തത തേടി. എന്നാല്‍ ബിയറും വൈനും കള്ളും മദ്യമായി കാണരുതെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ പ്രതികരിച്ചു.
അപ്രായോഗികമായ ഉത്തരവാണ് ഇക്കാര്യത്തില്‍ കോടതി പുറപ്പെടുവിച്ചതാണെന്ന് കോണ്‍ഗ്രസ് നേതാവ് വി.ഡി സതീശന്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ജനതാല്‍പര്യത്തിന് ഗുണകരമല്ലാത്തതാണ് സര്‍ക്കാര്‍ നീക്കമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ പ്രതികരിച്ചു. ദേശീയ-സംസ്ഥാന പാതയോരത്ത് നിന്ന് മദ്യശാലകള്‍ മാറ്റി ജനവാസ മേഖലകളില്‍ സ്ഥാപിക്കുന്നതിനെതിരെ സംസ്ഥാന വ്യാപകമായി വലിയ പ്രതിഷേധമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
