കോഴിക്കോട്: ഗെയില്‍ വിരുദ്ധ സമരത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറായി സര്‍ക്കാര്‍. നവംബര്‍ ആറിന് വൈകുന്നേരം നാലിന് കളക്ട്രേറ്റില്‍ വച്ചായിരിക്കും സര്‍വ്വകക്ഷിയോഗം നടക്കുക. വ്യവസായ മന്ത്രി എ സി മൊയ്തീനാണ് സര്‍വ്വകക്ഷിയോഗം വിളിച്ചത്. നേരത്തെ സമരസമിതിയുമായി ചര്‍ച്ചയില്ലെന്ന നിലപാടിലായിരുന്നു കലക്ടർ യു വി ജോസ്. സംഘര്‍ഷങ്ങളെക്കുറിച്ച് സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടിയിട്ടില്ലെന്നും സ്ഥലം സന്ദര്‍ശിക്കാനോ വിലയിരുത്താനോ സര്‍ക്കാര്‍ നിര്‍ദേശമില്ലെന്നും കലക്ടര്‍ അറിയിച്ചിരുന്നു. 

ഗെയില്‍ പദ്ധതിയെ ചൊല്ലി കോഴിക്കോട് മുക്കത്ത് സംഘര്‍ഷമുണ്ടായിരുന്നു. സമാധാനപരമായി സമരം ചെയ്തവര്‍ക്ക് നേരെ പൊലീസ് ബലം പ്രയോഗിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. സമരക്കാര്‍ക്ക് നേരെ പൊലീസ് ലാത്തിവീശിയതോടെ പൊലീസും നാട്ടുകാരും ചേരിതിരിഞ്ഞ് ആക്രമണം നടത്തുകയായിരുന്നു. പ്രശ്നത്തില്‍ സര്‍ക്കാര്‍ ഇടപെടലുണ്ടായില്ലെങ്കില്‍, ഗെയിൽ സമരം ഏറ്റെടുക്കേണ്ടി വരുമെന്നും ഇക്കാര്യം അടുത്ത യുഡിഎഫ് യോഗം ചര്‍ച്ച ചെയ്യുമെന്നും വി.എം.സുധീരന്‍ വിശദമാക്കിയിരുന്നു.

സമരങ്ങളെ അടിച്ചമർത്തുന്നത് കമ്യൂണിസ്റ്റു നയമല്ലെന്നും പിണറായി വിജയൻ പെരുമാറുന്നത് ഏകാധിപതിയെപ്പോലെയെന്നും സുധീരൻ ആരോപിച്ചു. മുക്കത്ത് ഗെയിലിനെതിരെ പ്രതിഷേധിച്ചവർക്കുനേരെ നടക്കുന്നത് പൊലീസ് രാജാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.