തിരുവനന്തപുരം: തെരഞ്ഞെടുപ്പ് സമിതി ചേരാതെ ബിജെപി സ്ഥാനാർത്ഥികളുടെ സാധ്യതാ പട്ടിക കേന്ദ്രത്തിന് കൈമാറിയ പാര്‍ട്ടി അധ്യക്ഷന്‍ പി.എസ് ശ്രീധരൻ പിള്ളക്കെതിരെ ദേശീയനേതൃത്വത്തിന് പരാതി. മുരളീധരപക്ഷത്തെയും  കൃഷ്ണദാസ് പക്ഷത്തെയും നേതാക്കളാണ്   പിള്ളക്കെതിരെ കേന്ദ്ര നേതൃത്വത്തിന് പരാതി നൽകിയത്. ദേശീയ ജനറൽ സെക്രട്ടറി മുരളീധരറാവുവിന്റെ നേതൃത്വത്തിൽ ചേരുന്ന കോർ കമ്മിറ്റി യോഗത്തിലും സംസ്ഥാന അദ്ധ്യക്ഷനെതിരെ വിമർശനം ഉയരും.

യു.ഡി.എഫിനും എൽ.ഡി.എഫിനും മുൻപേ സ്ഥാനാർത്ഥികളുടെ സാധ്യത പട്ടിക തയ്യാറാക്കി കേന്ദ്രത്തിന് അയച്ചത് നേട്ടമായാണ് ബിജെപി അദ്ധ്യക്ഷൻ വിശദീകരിച്ചത്. പക്ഷെ വിശദമായ ചർച്ചകൾ നടത്താതെയാണ്  പട്ടിക തയ്യാറാക്കിയതെന്നാണ് ബിജെപിയിലെ വിമ‍ർശനം. കോർ കമ്മിറ്റിയിൽ വിശദമായ ചർച്ച ഉണ്ടായില്ല. സംസ്ഥാന തെരഞ്ഞെടുപ്പ്   സമിതി പോലും ചേർന്നില്ലെന്ന് വി മുരളീധര പക്ഷത്തെയും കൃഷ്ണദാസ് പക്ഷത്തെയും നേതാക്കൾ വിമ‍ർശിക്കുന്നു. കഴിഞ്ഞ ദിവസം തിരുവന്തപുരത്ത് എത്തിയ അഖിലേന്ത്യാ  സംഘടനാ സെക്രട്ടറി രാംലാൽ നേതാക്കളുമായി ആശയ വിനിമയം നടത്തിയതല്ലാതെ കാര്യമായ ചർച്ച ഉണ്ടായില്ലെന്നും വിമർശകർ ചൂട്ടിക്കാട്ടുന്നു. 

എല്ലാം സംസ്ഥാന അദ്ധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ളയും കേരളത്തിന്‍റെ ചുമതലയുള്ള സഹസംഘടനാ സെക്രട്ടറി ബി.എൽ സന്തോഷും ചേർന്ന്  തീരുമാനിക്കുന്നുവെന്നാണ് പ്രധാന പരാതി. കൃഷ്ണദാസ് പക്ഷത്തോടുള്ള നേരത്തെയുണ്ടായിരുന്ന അടുപ്പം ഇപ്പോൾ പിഎസ് ശ്രീധരൻപിള്ളയ്ക്കല്ല. മുരളീധരപക്ഷത്തോട് നല്ല ബന്ധത്തിലുള്ള ബി.എൽ സന്തോഷുമായി ചേർന്നാണ് പിള്ള പട്ടിക തയ്യാറാക്കിയത്. മുരളീധര പക്ഷത്തെ കെ. സുരേന്ദ്രന്‍റെ പേര് ഒന്നിലധികം മണ്ഡലത്തിൽ പരിഗണിക്കുന്നുണ്ട്. പക്ഷേ പട്ടിക തയ്യാറാക്കിയ രീതിയിൽ‌ നേതാക്കൾക്ക് അമർഷമുണ്ട്.