Asianet News MalayalamAsianet News Malayalam

അക്രമ സംഭവങ്ങൾ തടയാന്‍ കനത്ത ജാഗ്രത; കണ്ണൂരില്‍ 19ഉം പത്തനംതിട്ടയില്‍ 204 പേരും കരുതല്‍ തടങ്കലില്‍

കണ്ണരില്‍ കഴിഞ്ഞ രാത്രിയിൽ 19 പേരെ കരുതൽ തടങ്കലിൽ എടുത്തിട്ടുണ്ട്‌.  ജില്ലയിൽ പോലീസ് പട്രോളിങ്ങും പിക്കറ്റിങ്ങും പരിശോധനയും ശക്തമാക്കി.

State police chief press release
Author
Thiruvananthapuram, First Published Jan 5, 2019, 9:15 AM IST

തിരുവനന്തപുരം: കണ്ണൂർ ജില്ലയിലെ അക്രമ സംഭവങ്ങൾ തടയാൻ പൊലീസ് കനത്ത ജാഗ്രത പുലർത്തി വരികയാണെന്ന് സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹറ അറിയിച്ചു. അക്രമങ്ങള്‍ തടയാന്‍ സംസ്ഥാനമൊട്ടാകെ ജാഗ്രത തുടരും. രാഷ്ട്രീയ നേതാക്കളുടെ  വീടിനു നേർക്ക് നടന്ന ആക്രമണങ്ങൾക്ക് ഉത്തരവാദികളായവരെ പിടികൂടി നടപടി സ്വീകരിക്കാൻ കണ്ണൂർ ജില്ലാ പോലീസ് മേധാവിക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ഡിജിപി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

കണ്ണരില്‍ കഴിഞ്ഞ രാത്രിയിൽ 19 പേരെ കരുതൽ തടങ്കലിൽ എടുത്തിട്ടുണ്ട്‌.  ജില്ലയിൽ പോലീസ് പട്രോളിങ്ങും പിക്കറ്റിങ്ങും പരിശോധനയും ശക്തമാക്കി. ക്രമസമാധാനം നിലനിർത്തുന്നതിനും സാമാന്യ ജീവിതം ഉറപ്പുവരുത്തുന്നതിനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ ജില്ലാ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. 

പത്തനംതിട്ട ജില്ലയിൽ നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ട് 76 കേസുകൾ രജിസ്റ്റർ ചെയ്തു. ഇതിൽ 9 കേസുകൾ അടൂരിലാണ്. അവിടെ അധികമായി പോലീസിനെ വിന്യസിച്ചിട്ടുണ്ട്.  ജില്ലയിൽ ഇതുവരെ 110 പേർ അറസ്റ്റിലായി. ഇവരിൽ 85 പേർക്ക് ജാമ്യം ലഭിച്ചു. 25 പേരെ റിമാന്റ് ചെയ്തു. ജില്ലയിൽ 204 പേർ കരുതൽ തടങ്കലിലാണെന്നും ഡിജിപി അറിയിച്ചു. 

Follow Us:
Download App:
  • android
  • ios