2016ല്‍ മസ്കറ്റ് ഇന്ത്യന്‍ എംബസിയില്‍ ലഭിച്ച തൊഴില്‍ പരാതികളില്‍ 2015നേക്കാള്‍ 127 ശതമാനം വര്‍ദ്ധനവാണ് രേഖപെടുത്തിയത്. മസ്കറ്റ് ഇന്ത്യന്‍ എംബസിയില്‍നിന്ന് വിവരാവകാശ നിയമമനുസരിച്ചു ലഭിച്ച കണക്കുപ്രകാരം 2016ല്‍ 2,195 പരാതികളാണ് തൊഴില്‍ സാമൂഹ്യ ക്ഷേമ വിഭാഗത്തിന് ലഭിച്ചത്. 2015ല്‍പരാതികളുടെ എണ്ണം 969 ആയിരുന്നു. 2016ല്‍ രജിസ്റ്റര്‍ ചെയ്ത പരാതികളില്‍ 1,673 എണ്ണം എംബസി നേരിട്ട് ഇടപെട്ടു പരിഹരിച്ചു. 181 പരാതികളിന്മേല്‍ കോടതി നടപടികള്‍ പുരോഗമിച്ചു വരികയാണ്. 341 പരാതികളിള്‍ തൊഴിലുടമയും ജീവനക്കാരും തമ്മില്‍ ഒത്തുതീര്‍പ്പിലെത്തി. പരാതികളില്‍ ഭൂരിഭാഗവും ശമ്പളം ലഭിക്കാത്തതോ വൈകി ലഭിക്കുന്നതോ ആണെന്നും എംബസിയില്‍നിന്ന് ലഭിച്ച വിവരങ്ങള്‍ സൂചിപ്പിക്കുന്നു.
എണ്ണ വിലയിടിവ് മൂലം ശമ്പളം ലഭിക്കാത്ത സംഭവങ്ങളായിരുന്നു ഇവയില്‍കൂടുതല്‍. കബൂറ പ്രവിശ്യയിലെ ഇധാരിയില്‍ ശമ്പളം ലഭിക്കാതെ കുടുങ്ങിക്കിടക്കുന്ന മലയാളികളടക്കമുള്ള തൊഴിലാളികളെ കുറിച്ച് ഈ മാസം ആദ്യം ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. വാര്‍ത്ത ശ്രദ്ധയില്‍പെട്ട ഇന്ത്യന്‍ എംബസി വിഷയത്തില്‍ ഇടപെടുകയും, തൊഴിലാളികള്‍ക്ക് കുടിശ്ശിക വേതനം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.
