തോമസ് ചാണ്ടിയുടെ നിയമലംഘനങ്ങൾക്കെതിരെ ജില്ലാ ഭരണകൂടം ആരംഭിച്ച നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. അനധികൃതമായി നിർമ്മിച്ച പാർക്കിംഗ് സ്ഥലവും അപ്രോച്ച് റോഡും പൊളിക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാനാവശ്യപ്പെട്ട് കലക്ടർ നൽകി നോട്ടീസിലെ തുടർ നടപടികളാണ് കോടതി തടഞ്ഞത്. വാട്ടർവേൾഡ് ടൂറിസം കന്പനി നൽകിയ ഹർജിയിലാണ് നടപടി.

കഴിഞ്ഞ ശനിയാഴ്ചയാണ് ആലപ്പുഴ ജില്ലാ കളക്ടർ ടി വി അനുപമ വാട്ടർ വേൾഡ് ടൂറിസം കന്പനിക്ക് നോട്ടീസ് നൽകിയത്. തോമസ് ചാണ്ടിയുടെ നിമലംഘനങ്ങളിൽ കഴിഞ്ഞ വർഷം ഒക്ടോബർ 21 ന് കലക്ടർ അന്തിമ റിപ്പോർട്ട് നൽകിയ ശേഷമുള്ള ജില്ലാ ഭരണകൂടത്തിന്റെ ആദ്യ നടപടിയായിരുന്നു ഇത്. മൂന്നുറ് മീറ്ററിലേറെ നീളത്തിലും 12 മീറ്ററിലേറെ വീതിയിലുമാണ് പാർക്കിംഗ് സ്ഥലം നിർമ്മിച്ചിരിക്കുന്നത്.

നെൽവയൽ നീർത്തട സംരക്ഷണ നിയമം ലംഘിച്ചാണ് പാർക്കിംഗ് സ്ഥലം നിർമ്മിച്ചതെന്ന കണ്ടെത്തലാണ് നടപടിക്ക് ആധാരം.. ഇത് സംബന്ധിച്ച സർവ്വേ റിപ്പോർട്ടും ഉപഗ്രഹ ചിത്രവും വാട്ടർ വേൾഡ് ടൂറിസം കന്പനിക്ക് കലക്ടർ കൈമാറിയിരുന്നു. കരുവേലി പാടശേഖരത്തിന് പുറം ബണ്ട് നിർമ്മിക്കാനെന്ന പേരിലാണ് തോമസ് ചാണ്ടി പാർക്കിംഗ് സ്ഥലവും അപ്രോച്ച് റോഡും നിർമ്മിച്ചത്.. അനധികൃത നിലം നികത്തൽ പൂർവ്വസ്ഥിതിയിലാക്കാൻ നടപടി എടുക്കാതെ അന്നത്തെ കലക്ടർ എൻ പത്മകുമാർ എല്ലാം നിയമാനുസൃതമാക്കി കൊടുക്കുകയായിരുന്നു. എൻ പത്മകുമാറിന്റെ വഴിവിട്ട നടപടികളെ കുറിച്ച് കളക്ടറുടെ റിപ്പോർട്ടിൽ പരാമർശമുണ്ട്.

നോട്ടീസിനെതിരെ വാട്ടർവേൾഡ് ടൂറിസം കന്പനി എം.ഡി മാത്യു ജോസഫ് നൽകിയ ഹർജിയിലാണ് സിംഗിൾബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. കളക്ടറുടെ നടപടി നിയമവിരുദ്ധമാണെന്നാരോപിച്ചുള്ള ഹർജിയിൽ ടി.വി. അനുപമയ്ക്ക് നോട്ടീസ് അയയ്ക്കും. ഹർജി മാർച്ച് രണ്ടിന് വീണ്ടും പരിഗണിക്കും. നിയമം ലംഘിച്ച് തോമസ് ചാണ്ടി പാർക്കിംഗ് സ്ഥലവും അപ്രോച്ച് റോഡും നിർമ്മിച്ചത് ഏഷ്യാനെറ്റ് ന്യൂസ‌ാണ് പുറത്തുകൊണ്ടുവന്നത്.