ഏഷ്യാനെറ്റ് ന്യൂസിന്റെ സ്ത്രീ 2018 പുരസ്കാരം ജ്യോതി പ്രകാശിന് വിവിധരംഗങ്ങളിലെ പ്രതിഭകൾ സ്ത്രീശക്തി പുരസ്കാരം ഏറ്റുവാങ്ങി രണ്ട് നൂറ്റാണ്ടിന്റെ സ്ത്രീമുന്നേറ്റം ചരിത്രം പറയുന്ന ദൃശ്യാവിഷ്കാരം ചടങ്ങിന് മിഴിവേകി
തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിന്റെ സ്ത്രീ 2018 പുരസ്കാരം ജൈവകർഷക ജ്യോതി പ്രകാശിന്. തിരുവനന്തപുരം കാര്യവട്ടം സ്പോർട്സ് ഹബ്ബിൽ നടന്ന ചടങ്ങിൽ ഗവർണർ പി സദാശിവം പുരസ്കാരം സമ്മാനിച്ചു.
കാമ്പും കരുത്തുമുളള പെൺപ്രതിഭകളെ ആദരിക്കാൻ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കിയ സ്ത്രീ ശക്തി പുരസ്കാര വേദി മലയാളത്തിലെ മികവുറ്റ വനിതകളുടെ സംഗമവേദിയായി. വിവിധ മേഖലകളിലെ പ്രതിഭകളിൽ നിന്ന് ഏഷ്യാനെറ്റ് ന്യൂസ് പ്രക്ഷകർ തെരഞ്ഞെടുത്ത 2018ലെ സ്ത്രീ പുരസ്കാരം ഗവർണർ പി സദാശിവം ജ്യോതി പ്രകാശിന് പുരസ്കാരം സമ്മാനിച്ചു.
കായികരംഗത്ത് കേരളത്തിന്റെ അഭിമാനമായ പി യു ചിത്രക്ക് മുൻ വോളി താരം ജയ്സമ്മ മൂത്തേടം പുരസ്കാരം സമ്മാനിച്ചു. പ്രതിസന്ധികളെ അതിജീവിച്ച് ബയോടെക്നോളനി മേഖലയിലെ പ്രതിഭയായി വളർന്ന ബിന്ദു സുനിൽകുമാറിനായിരുന്നു ശാസ്ത്ര സാങ്കേതിക രംഗത്തെ പുര്സകാരം. ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഡയറക്ടറായ ഡോ. ആശ കിഷോറാണ് പുരസ്കാരം സമ്മാനിച്ചത്.
കാർഷികരംഗത്തെ മികവിന് ജൈവകർഷക ജ്യോതിപ്രകാശ് പുരസ്കാരം ഏറ്റുവാങ്ങി, ഇന്ത്യയുടെ മിസൈൽ വനിത ഡോ. ടെസി തോമസ് ജ്യോതിക്ക് അവാർഡ് കൈമാറി. നാടൻപാട്ടുകാരി പ്രസീദ ചാലക്കുടിക്കാണ് സംഗീത രംഗത്തെ പുരസ്കാരം. ബാലാവകാശകമ്മീഷൻ ചെയർപേഴ്സൻ ശോഭ കോശി പുരസ്കാരം സമ്മാനിച്ചു. മലയാള ചരിത്രത്തിൽ ഇടം നേടിയ പ്രമുഖ വനിതകളെ ആദരിക്കാനുളള വേദി കൂടിയായി സ്ത്രീശക്തി പുരസ്കാര വേദി.
സുഗതകുമാരി, കെ അജിത, സി കെ ജാനു എന്നിവരെ ചടങ്ങിൽ ആദരിച്ചു.
