കൊച്ചി: വീട്ടുകാരെ ഭീതിയിലാക്കി മോഷണം സൂചിപ്പിക്കുന്ന കറുത്ത സ്റ്റിക്കർ. എരൂരിലെ മൂന്ന് വീടുകളിലെ ജനൽ ചില്ലുകളിലാണ് കറുത്ത് സ്റ്റിക്കർ പതിച്ചു. വീട്ടുകാരെ കെട്ടിയിട്ട് അമ്പത് പവൻ കവർന്ന വീടിന് ഏതാനും കിലോമീറ്റർ അകലെയാണ് സംഭവം.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ജനൽ ചില്ലുകളിൽ പതിച്ച കറുത്ത സ്റ്റിക്കറിനെക്കുറിച്ചുള്ള വാർത്തകൾ സോഷ്യൽ മീഡിയികളിൽ പ്രചരിക്കുന്നുണ്ട്. കുട്ടികളുള്ള വീട്ടിലാണ് ഡയമണ്ട് ആകൃതിയിലുല്ള സ്റ്റിക്കറുകൾ കണ്ടെത്തിയത് എന്നതിനാൽ ഇത് കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ലക്ഷ്യമിട്ടുള്ള അടയാളങ്ങളാണെന്നായിരുന്നു പ്രചരണം. ഇതിനിടയിലാണ് ആശങ്ക ഇരട്ടിയാക്കി തിരുവനന്തപുരത്തിന് പിറകെ കൊച്ചിയിലും സ്റ്റിക്കറുകൾ കണ്ടത്. എരൂരിലെ ലേബർ ജംഗ്ഷന് സമീപം താമസിക്കുന്ന സുനിത, ടിന്‍റു സോജി എന്നിവരുടെ വീടുകളിലെ ജനൽ ചില്ലുകളിൽ സ്റ്റിക്കറുകൾ പതിച്ചത്.

സ്റ്റിക്കറുകൾ കണ്ട മുറിയിൽ പ്രായമായവരോ കുട്ടികളോ മാത്രമാണ് ഉറങ്ങാറുള്ളത്. അതാണ് നാട്ടുകാരുടെ ആശങ്ക വർദ്ദിപ്പിച്ചത്. വിവരം പോലീസിനെ അറിയച്ചതോടെ തൃപ്പൂണിത്തുറ പോലീസ് സ്ഥലത്തെത്തി സ്റ്റിക്കറുകൾ പറിച്ചെടുത്ത് അന്വേഷണം തുടങ്ങി. 

സമീപത്ത് ഇതര സംസ്ഥാന തൊഴിലാളികൾ ധാരാളമായി താമസിക്കുന്നുണ്ട്. ഇവരെ പോലീസ് ചോദ്യം ചെയ്തു. എന്നാൽ സ്റ്റിക്കർ പതിച്ചതാരെന്ന വിവരം ലഭ്യമായിട്ടില്ല. കവർച്ച സംഘങ്ങൾക്ക് പ്രത്യേക കോഡുകൾ കൈമാറാൻ പതിക്കുന്നതാണോ ഈ സ്റ്റിക്കറുകൾ എന്നാണ് പോലീസ് സംശയിക്കുന്നത്. ലേബർ ജംഗ്ഷൻ കോളനിയിൽ നിന്ന് ഏതാനും കിലോമീറ്റർ അകലെയാണ് വീട്ടുകാരെ കെട്ടിയിട്ട് അമ്പത് പവൻ സ്വർണ്ണവും പണവും കവർന്നത്. അന്ന് കവർച്ചയ്ക്കായി അടയാളപ്പെടുത്തിയതാണോ സ്റ്റിക്കർ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. അന്വേഷണം തുടങ്ങിയതായും തൃപ്പൂണിത്തുറ പോലീസ് വ്യക്തമാക്കി.