വയനാട്: തിരുവനന്തപുരത്തിനും എറണാകുളത്തിനും കോട്ടയത്തിനും പിന്നാലെ വയനാടിലെ വീടുകളിലെ ജനലുകളിലും കറുത്ത സ്റ്റിക്കറുകള്‍ പ്രത്യക്ഷപ്പെട്ടു. കുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന സംഘമാണിതെന്നും മോഷണത്തിനായി വീട് കണ്ട് വെക്കുന്നതാണെന്നും മറ്റുമുള്ള സന്ദേശങ്ങള്‍ വാട്‌സ് ആപ്, ഫേസ്ബുക് തുടങ്ങിയ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലും കൂടി വന്നതോടെ വീട്ടമ്മമാരടക്കമുള്ളവര്‍ അക്ഷരാര്‍ഥത്തില്‍ ആശങ്കയിലാണ്.
ജില്ലയിലെ കേണിച്ചിറ, നെല്ലിക്കര, നെരപ്പം, അരിവയല്‍ തുടങ്ങിയ പ്രദേശങ്ങളിലുള്ള ഏതാനും വീടുകളുടെ ജനല്‍, ചുമര്‍, മരങ്ങള്‍ എന്നിവക്ക് മുകളിലാണ് കറുത്ത സ്റ്റിക്കര്‍ ഒട്ടിച്ചതായി കണ്ടെത്തിയത്. നെല്ലിക്കരയില്‍ അടുത്തിടെ താമസം തുടങ്ങിയ വീടിന്റെ ജനലിലാണ് ആദ്യം കറുത്ത സ്റ്റിക്കര്‍ കണ്ടെത്തിയത്.
തൊട്ട് കഴിഞ്ഞ ദിവസമാണ് വീടിന്റെ പെയിന്റിങ് പൂര്‍ത്തിയാക്കിയിരുന്നത്. എന്നാല്‍ ആ സമയത്തൊന്നും ഇത്തരത്തില്‍ സ്റ്റിക്കര്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടായിരുന്നില്ലെന്ന് പെയിന്റിങ് ജോലിക്കാര്‍ പറഞ്ഞു. എറണാകുളം അടക്കമുള്ള നഗരങ്ങളില്‍ മോഷ്ടാക്കള്‍ വീടിന് അടയാളം വെക്കുന്നത് കറുത്ത സ്റ്റിക്കര്‍ പതിച്ചാണെന്ന് നാട്ടുകാരില്‍ ചിലര്‍ പറഞ്ഞതോടെ വീട്ടുകാര്‍ കേണിച്ചിറ പോലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസെത്തി വീടുകള്‍ പരിശോധിച്ചു.
പ്രദേശത്തെ ചിലയിടങ്ങളില്‍ ജോലിയിലേര്‍പ്പെട്ടിരുന്ന ഇതര സംസ്ഥാനക്കാരോടും കാര്യങ്ങള്‍ തിരക്കി. ഇവരുടെ തിരച്ചറിയില്‍ കാര്‍ഡുകള്‍ അടക്കം വിശദമായി പരിശോധിക്കുകയും ചെയ്തു. ഇതിനിടെയാണ് കുട്ടികളുള്ള വീട്ടിലാണ് കറുത്ത സ്റ്റിക്കര്‍ പതിക്കുന്നതെന്ന വാട്‌സ് ആപ് സന്ദേശം നാട്ടുകാര്‍ക്കിടയില്‍ പടര്‍ന്നത്. ഇതോടെ രാത്രിയില്‍ പ്രശ്‌നങ്ങളുള്ള പ്രദേശങ്ങളില്‍ പട്രോളിങ് ശക്തമാക്കാമെന്ന ഉറപ്പ് നല്‍കി പോലീസ് മടങ്ങുകയായിരുന്നു.
നാട്ടുകാര്‍ സ്വന്തം നിലയിലും രാത്രി നിരീക്ഷണം നടത്തിയിരുന്നു. അരിവയല്‍, നായ്‌ക്കെട്ടി നെരപ്പം തുടങ്ങിയ സ്ഥലങ്ങളിലും പോലീസ് അന്വേഷണം നടത്തി. കഴിയാവുന്ന വീടുകളില്‍ സി.സി.ടി.വി ക്യാമറ സ്ഥാപിക്കാനും പോലീസ് നിര്‍ദേശം നല്‍കി. അതേ സമയം അസമയങ്ങളിലോ മറ്റോ അപരിചിതരെ കണ്ടാല്‍ അവരെ ദേഹോപദ്രവം ഏല്‍പ്പിക്കാതെ പോലീസിന് കൈമാറാനുള്ള നിര്‍ദേശവും ചില പ്രദേശങ്ങളില്‍ പോലീസ് നല്‍കിയിട്ടുണ്ട്.
