കഴിഞ്ഞ ആഴ്ച്ച പശ്ചിമ യുപിയിലെ ഒരു ദളിത് ഭവനം സന്ദർശിച്ച സംസ്ഥാന മന്ത്രി സുരേഷ് റാണ സ്വന്തം വീട്ടിൽ നിന്നും കൊണ്ടു വന്ന ഭക്ഷണവും വെള്ളവും മാത്രം കഴിച്ചത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു.
ദില്ലി: ദളിത് വീടുകളിൽ ചെന്ന് ഭക്ഷണം കഴിച്ച് ബിജെപി നേതാക്കൾ നടത്തുന്ന നാടകം അവസാനിപ്പിക്കണമെന്ന് ആർ.എസ്.എസ് നേതാവ് മോഹൻ ഭാഗവത്. ദില്ലിയിൽ വിഎച്ച്പി-ആർഎസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് മോഹൻ ഭാഗവത് ഇക്കാര്യം പറഞ്ഞതെന്ന് ദേശീയമാധ്യമമായ ഡെക്കാൻ ക്രോണിക്കിൾ റിപ്പോർട്ട് ചെയ്യുന്നു.
പാവപ്പെട്ടവരുടെ വീട്ടിൽ പോയി ഭക്ഷണം കഴിക്കുകയും മാധ്യമപ്രവർത്തകരേയും മറ്റും വിളിച്ചു കൂട്ടി അതിനെ വലിയ വാർത്തയാക്കി കൊണ്ടുവരുന്നതും തെറ്റായ പ്രവണതയാണെന്നും ഇതിന് പകരം ദളിത് നേതാക്കളുമായി നിരന്തരം സമ്പർക്കം പുലർത്തി അവരെ ഒപ്പം നിർത്തുകയാണ് ബിജെപി നേതാക്കൾ ചെയ്യേണ്ടതെന്നും മോഹൻ ഭാഗവത് പറഞ്ഞതായാണ് റിപ്പോർട്ട്.
ദളിതരടക്കമുള്ള പിന്നോക്ക വിഭാഗങ്ങളുമായി സൗഹൃദം നിലനിർത്താനും ഹൈന്ദവഐക്യം ഉറപ്പിക്കാനുമായി പലതരം പദ്ധതികൾ ആർഎസ്എസ് നടപ്പാക്കി വരികയാണ്. ഉത്തരേന്ത്യയിലെ ഗ്രാമങ്ങളിൽ മുഴുവൻ ഹൈന്ദർവർക്കുമായി ഒരു ക്ഷേത്രം, ഒരു പൊതു ശ്മശാനം, ഒരു കുടിവെള്ളസ്ത്രോസ്സ് എന്ന പ്രചരണപദ്ധതി സംഘപരിവാർ നടപ്പാക്കിയിട്ടുണ്ട്. എന്നാൽ ഇതിന് വിരുദ്ധമായി ദളിതരുടെ ഭവനസന്ദർശനം ബിജെപി നേതാക്കൾ പബ്ലിക് സ്റ്റഡാക്കി മാറ്റുന്നതിൽ ആർഎസ്എസ് നേതൃത്വത്തിന് അമർഷമുണ്ട്.
ബിജെപിക്കെതിരെ രൂപം കൊണ്ട ദളിത് പ്രക്ഷോഭങ്ങൾക്ക് മറുപടിയായാണ് പാർട്ടിയുടെ പ്രമുഖനേതാക്കൾ ദളിത് വീടുകളിലെത്തി ഭക്ഷണം കഴിക്കുന്ന പരിപാടി ബിജെപി ആരംഭിച്ചത്. പാർട്ടി അധ്യക്ഷൻ അമിത് ഷായടക്കമുള്ളവർ പരിപാടിയുടെ ഭാഗമായി നിരവധി ദളിത്-ആദിവാസി വീടുകൾ സന്ദർശിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ആഴ്ച്ച പശ്ചിമ യുപിയിലെ ഒരു ദളിത് ഭവനം സന്ദർശിച്ച സംസ്ഥാന മന്ത്രി സുരേഷ് റാണ സ്വന്തം വീട്ടിൽ നിന്നും കൊണ്ടു വന്ന ഭക്ഷണവും വെള്ളവും മാത്രം കഴിച്ചത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു.
