കരാർ സംഘിച്ചെന്ന് ആശുപത്രി അധികൃതർ ഉദ്ഘാടനത്തില്‍ നിന്ന് മന്ത്രിയും പിൻവാങ്ങി സ്വകാര്യ ലോബിയെ സഹായിക്കാനാണ് നടപടിയെന്ന് രാജീവ്ഗാന്ധി സെന്‍റർ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ രാജീവ് ഗാന്ധി ബയോ ടെക്നോളജി സെൻറർ തുടങ്ങിയ ലബോറട്ടറിക്ക് സ്റ്റോപ് മെമ്മോ. ആശുപത്രിയുടെ സ്വന്തം ലാബിലും ആശുപത്രി വികസന സമിതിയുടെ ലാബിലും ചെയ്യാൻ കഴിയാത്ത പരിശോധനകള്‍ മാത്രം ചെയ്യുമെന്ന് കരാര്‍ ഒപ്പിട്ട ശേഷം എല്ലാ പരിശോധനകളും നടത്തിയതോടെയാണ് ആശുപത്രി അധികൃതരുടെ നടപടി. സംഭവം വിവാദമായതോടെ ഉദ്ഘാടനത്തില്‍ നിന്ന് ആരോഗ്യമന്ത്രി പിന്മാറി.

വിവിധ വകുപ്പുകള്‍ക്ക് കീഴിലും ആശുപത്രി വികസന സമിതിയുടെ കീഴിലും മെഡിക്കൽ കോളജ് ആശുപത്രിയില്‍ വിവിധ ലാബുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാൽ എന്‍സൈം പരിശോധന , ക്യാന്‍സറുമായി ബന്ധപ്പെട്ട ചില പരിശോധനകൾ, രോഗ പ്രതിരോധ ശേഷി അളക്കുന്ന പരിശോധനകൾ ഇവ ഈ ലാബുകളിലില്ല. ഇതടക്കം ആശുപത്രി ലബോറട്ടറികളില്‍ ചെയ്യാത്ത പരിശോധനകൾക്കായാണ് രാജീവ് ഗാന്ധി ബയോ ടെക്നോളജി സെൻറററുമായി ആശുപത്രി അധികൃതര്‍ കരാര്‍ ഒപ്പിട്ടത്. 

ലാബ് പ്രവര്‍ത്തിക്കാന്‍ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൽ സ്ഥലവും നല്‍കി. എന്നാല്‍ കരാര്‍ ലംഘിച്ച് എല്ലാ വിധ പരിശോധനകളും രാജീവ് ഗാന്ധി സെന്‍ററിന്‍റെ ലാബിൽ ചെയ്തു തുടങ്ങിയതോടെ കരാർ ലംഘിച്ചെന്ന് കണ്ടെത്തി ആശുപത്രി അധികൃതർ സ്റ്റോപ് മെമ്മോ നൽകി. ഇതിനിടെ ആര്‍ ജി സി ബി ഔദ്യോഗിക ഉദ്ഘാടനം തീരുമാനിച്ച് ആരോഗ്യമന്ത്രിയെ ക്ഷണിച്ചെങ്കിലും മന്ത്രി പിന്‍വാങ്ങി. 

ആശുപത്രിയുടേയും ആശുപത്രി വികസന സമിതിയുടേയും ലാബില്‍ നിന്നുള്ള വരുമാനം നിലച്ചാൽ ജീവനക്കാരുടെ ശമ്പളമടക്കം മുടങ്ങി ആശുപത്രിയുടെ ദൈനംദിന പ്രവര്‍ത്തനത്തെ തന്നെ സാരമായി ബാധിക്കുമെന്നാണ് അധികൃതരുടെ നിലപാട്. അതേസമയം സ്വകാര്യ ലാബുകളെ സഹായിക്കാനാണ് ആശുപത്രി അധികൃതരുടെ നിലപാടെന്നാണ് രാജിവ് ഗാന്ധി ബയോ ടെക്നോളജി സെന്‍റർ അധികൃതരുടെ വാദം.