കൊല്ലം: പത്തനാപുരത്ത് തെരുവ് നായക്കളുടെ ആക്രമണം തുടർക്കഥയാകുന്നു. ആട്ടിൻ കുട്ടിയുടെ വായ തെരുവ് നായ കടിച്ചു മുറിച്ചു. പരിക്കേറ്റ ആട്ടിൻകുട്ടിയെ മൃഗാശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാരില്ലാത്തതിനാൽ മടക്കി അയച്ചു. മേയാൻ വിട്ടിരുന്ന ആട്ടിൻകുട്ടിയുടെ വായ ഭാഗമാണ് തെരുവ് നായ കടിച്ചെടുത്തത്. കടയ്ക്കാമൺ അംബേദ്ക്കർ കോളനിയിൽ സേതുവിന്റെ ആട്ടിൻ കുട്ടിയെയാണ് നായ കടിച്ചത്.
ബഹളം കേട്ട് നാട്ടുകാർ ഓടി എത്തിയപ്പോഴേക്കും നായ്ക്കൾ ഓടിപ്പോയിരുന്നു.ആടിന്റെ വായ ഭാഗം പൂർണമായും നായ്ക്കൾ കടിച്ചെടുത്ത നിലയിലാണ്.ഇതിനാൽ ആട്ടിൻകുട്ടിയക്ക് തീറ്റ തിന്നാൻ പറ്റുന്നില്ല. നായ്ക്കൾ കടിച്ച ആട്ടിൻ കുട്ടിയുമായി മൃഗാശുപത്രിയിൽ എത്തിയെങ്കിലും ഡോക്ടർ ഇല്ലാ എന്നു പറഞ്ഞ് മടക്കിയയച്ചു. ഡോക്ടർ കോൺഫറൻസിന് പോയി എന്നായിരുന്നു മറുപടി.
പിന്നീട് ഉടമസ്ഥൻ സ്വകാര്യ മ്യഗാശുപത്രിയിൽ എത്തിയാണ് ചികിഝിച്ചത് . ഒരാഴ്ച മുമ്പാണ് കൂട്ടിൽ കെട്ടിയിട്ടിരുന്ന ആടിൻറെ ചെവി തെരുവ് നായ കടിച്ചെടുത്തത്. പട്ടാഴിയിൽ ഗർഭിണി ഉൾപ്പെടെ പത്തോളം പേരെയും തെരുവ് നായ കടിച്ചിരുന്നു. ദിനം പ്രതി വർദ്ധിച്ചു വരുന്ന തെരുവ് നായ ആക്രമണത്തിൽ ഭയന്നിരിക്കുകയാണ് കൊല്ലം ജില്ലയിലെ മലയോര വാസികൾ.
