താവക്കര പുതിയ ബസ് സ്റ്റാൻഡ് പരിസരത്തായിരുന്നു തെരുവുനായയുടെ ആക്രമണം.

കണ്ണൂർ: ന​ഗരത്തെ എട്ട് മണിക്കൂർ വിറപ്പിച്ച് 56 പേരെ കടിച്ച തെരുവുനായയെ ചത്ത നിലയിൽ കണ്ടെത്തി. താവക്കര പുതിയ ബസ് സ്റ്റാൻഡ് പരിസരത്തായിരുന്നു തെരുവുനായയുടെ ആക്രമണം. പരിക്കേറ്റവരിൽ നാല് പേരെ പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റിയിരുന്നു. രാവിലെ മുതൽ പ്രദേശവാസികളെ ഓടി നടന്ന് ആക്രമിച്ച നായയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്. വേറെയും നായ്ക്കളുണ്ടോ എന്ന് സംശയിക്കുന്നതായി പ്രദേശവാസികള്‍ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നഗര മധ്യത്തിൽ രാവിലെ കണ്ടത് തെരുവുനായയുടെ വിളയാട്ടമാണ്. നടന്നുപോയവർ, ബസ് കാത്തു നിന്നവർ തുടങ്ങി കണ്ണിൽ കണ്ടവരെയൊക്കെ നായ കടിച്ചു. 11:00 മണിയോടെ ജില്ലാ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിലേക്ക് തെരുവുനായ ആക്രമണത്തിൽ പരിക്കേറ്റവർ തിങ്ങിനിറഞ്ഞിരുന്നു. നവംബറിലും റെയിൽവേ സ്റ്റേഷൻ പരിസരത്ത് സമാനസംഭവം ഉണ്ടായിരുന്നു. അന്ന് യാത്രക്കാരായ 18 പേർക്കായിരുന്നു കടിയേറ്റത്. തെരുവുനായ്ക്കളുടെ വന്ധ്യംകരണം, ഷെൽറ്റർ ഹോം എന്നിവയുടെ ചുമതലയെ ചൊല്ലി ജില്ലാ പഞ്ചായത്തും കോർപ്പറേഷനും തമ്മിലുള്ള തർക്കം തുടരുമ്പോഴാണ് നഗരത്തിലെ ആവർത്തിച്ചുള്ള ആക്രമണം.