സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡിന്റെ താരമായ ക്രിസ്റ്റ്യാനോയ്ക്ക് ടാക്‌സ് വെട്ടിപ്പ് കേസില്‍ 18.8 ദശലക്ഷം യൂറോ പിഴയും രണ്ട് വര്‍ഷത്തെ തടവും വിധിച്ചിരുന്നു.

മോസ്‌കോ: പോര്‍ച്ചുഗലിന്റെ സൂപ്പര്‍ സ്‌ട്രൈക്കര്‍ക്ക് സ്പാനിഷ് സര്‍ക്കാര്‍ എട്ടിന്റെ പണി കൊടുത്ത ദിവസമായിരുന്നു ഇന്നലെ. സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡിന്റെ താരമായ ക്രിസ്റ്റ്യാനോയ്ക്ക് ടാക്‌സ് വെട്ടിപ്പ് കേസില്‍ 18.8 ദശലക്ഷം യൂറോ പിഴയും രണ്ട് വര്‍ഷത്തെ തടവും വിധിച്ചിരുന്നു. അന്നേ ദിവസം തന്നെ സ്‌പെയ്‌നിനെതിരേ ലോകകപ്പ് മത്സരവും. അവസരം കളഞ്ഞില്ല ഒരു തകര്‍പ്പന്‍ മറുപടി തന്നെ ആയത്. എണ്ണം പറഞ്ഞ മൂന്ന് ഗോളുകള്‍.

ജയിക്കാവുന്ന മത്സരം സമനിലയില്‍ അവസാനിക്കുമ്പോള്‍ ഇക്കാര്യമെങ്കിലും സ്പാനിഷ് ഫുട്‌ബോള്‍ ആരാധകര്‍ മനസിലോര്‍ത്ത് കാണും. ഇത്തരത്തിലൊരു മറുപടി അവര്‍ സ്വപ്‌നത്തില്‍ പോലും കരുതി കാണില്ല. സ്പാനിഷ് സര്‍ക്കാരിനെ കബളിപ്പിച്ച് നികുതി വെട്ടിച്ചതിനാണ് പോര്‍ച്ചുഗീസ് താരത്തിത്തിന് ശിക്ഷ വിധിച്ചത്. എന്നാല്‍ സ്പാനിഷ് നിയമപ്രകാരം മുന്‍പ് കുറ്റാരോപിതനല്ലാത്തതിനാല്‍ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരില്ലെന്ന് മാത്രം. മാത്രമല്ല രണ്ട് വര്‍ഷത്തില്‍ കുറവുള്ള ശിക്ഷയെ പ്രൊബേഷന്‍ ആയിട്ടാണ് സ്പാനിഷ് നിയമപ്രകാരം കണക്കാക്കുക.

നേരത്തെ ബാഴ്‌സലോണ താരം ലിയോണല്‍ മെസിക്കും സമാന രീതിയില്‍ സ്പാനിഷ് കോടതി ശിക്ഷ വിധിച്ചിരുന്നു. മെസിക്കും പിതാവിനും വന്‍ തുകയും കോടതി പിഴ ചുമത്തി. എന്നാല്‍ അര്‍ജന്റൈന്‍ താരം രണ്ട് മില്യണ്‍ യൂറോ പിഴയടച്ച് കേസ് തീര്‍പ്പാക്കിയിരുന്നു. നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട് സ്‌പെയ്‌നില്‍ നിരവധി ഫുട്‌ബോള്‍ താരങ്ങള്‍ക്ക് കുരുക്ക് വീണിരുന്നു.