പാലക്കാട്: പത്ത് വയസുകാരനെ പ്രധാന അധ്യാപിക മുഖത്തടിച്ചതായി പരാതി. ചെവിക്കും പല്ലിനും പരിക്കുപറ്റിയ കുട്ടി പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ടീച്ചറെ അന്വേഷിച്ച് പോയി തിരികെ വരുമ്പോള്‍ വരാന്തയിലൂടെ ഓടി എന്നതിനാണ് പ്രധാനാധ്യാപിക കുട്ടിയുടെ മുഖത്തടിച്ചത്. ചെവിക്കും മുഖത്തും നീരും വേദനയും വന്ന കുട്ടിയെ വീട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു. പ്രാഥമിക പരിശോധനയില്‍ കുട്ടിക്ക് ചെവിക്ക് തകരാറൊന്നും ഇല്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. എന്നാല്‍ പരിക്ക് പറ്റിയ പല്ല് എടുത്തുകളയണം.

എന്നാല്‍ പ്രധാനാധ്യാപിക കുട്ടിയുടെ മുഖത്തടിച്ചെന്ന് പൊലീസില്‍ പരാതിപ്പെട്ടിട്ടും ഇതുവരെ നടപടിയൊന്നും ഉണ്ടായില്ലെന്ന് കുട്ടിയുടെ പിതാവ് പറയുന്നു. ഇതേ പ്രധാനാധ്യാപിക മുമ്പും പലകുട്ടികളുടെയും മുഖത്തടിച്ചിട്ടുണ്ടെന്നും രക്ഷിതാക്കള്‍ പറയുന്നു.

എന്നാല്‍ മന:പൂര്‍വം സംഭവിച്ചതല്ലെന്നും വരാന്തയിലൂടെ ഓടി കുട്ടികള്‍ വീഴാതിരിക്കാന്‍ പെട്ടന്ന് അടിച്ചതാണെന്നുമാണ് പ്രധാനാധ്യാപികയുടെ വിശദീകരണം.

ആശുപത്രിയിലുള്ള കുട്ടിയെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വന്ന് കണ്ട് മൊഴി രേഖപ്പെടുത്തി.