2016 ഒക്ടോബറിലാണ് കോളേജില്‍ നടക്കുന്ന അനധികൃത പണപ്പിരിവുകളെക്കുറിച്ച് സഹീര്‍ മുഖ്യമന്ത്രിക്കും ആദായ നികുതി വകുപ്പ് അടക്കമുള്ള വിവിധ കേന്ദ്ര ഏജന്‍സികള്‍ക്കും പരാതി നല്‍കിയത്. തുടര്‍ന്ന് പരാതി കാലിക്കറ്റ് സര്‍വകലാശാലക്ക് കൈമാറുകയും സര്‍വകലാശാല, കോളേജ് അധികൃതരില്‍ നിന്ന് വിശദീകരണം ചോദിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് പരാതി നല്‍കിയ സഹീറിനെ മാനേജ്മെന്റ് വിളിപ്പിച്ചത്. ക്രിസ്മസ് അവധിക്ക് ശേഷം ജനുവരി മൂന്നിന് കോളേജിലെത്തിയ സഹീറിനെ കോളേജ് പ്രിന്‍സിപ്പലും മാനേജ്മെന്റ് പ്രതിനിധിയായ ഒരാളും ഓട്ടോറിക്ഷയില്‍ കയറ്റി പമ്പാടി നെഹ്റു കോളേജില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് രാവിലെ ഒന്‍പത് മണി മുതല്‍ വൈകുന്നേരം ആറു മണി വരെ ഒരു മുറിയില്‍ പിടിച്ചിരുത്തി ചോദ്യം ചെയ്തു.
തനിക്ക് പരാതിയില്ലെന്ന് എഴുതി ഒപ്പിട്ട് വാങ്ങി. കോളേജിലെ മറ്റ് ചില വിദ്യാര്‍ത്ഥികളെ റാഗ് ചെയ്തത് തനിക്ക് പറ്റിയ പിഴവാണെന്നും എഴുതിത്തരണമെന്ന് സഹീറിനോട് ആവശ്യപ്പെട്ടു. താന്‍ ആരെയും റാഗ് ചെയ്തിട്ടില്ലെന്നും അതുകൊണ്ട് അങ്ങനെ എഴുതി തരാനാവില്ലെന്നും സഹീര്‍ പറഞ്ഞതോടെ മര്‍ദ്ദനം തുടങ്ങി. മുഖത്ത് മൂന്ന് പ്രാവശ്യം ഇടിക്കുകയും മുട്ടുകാലുകൊണ്ട് വയറ്റില്‍ ചവിട്ടുകയും ചെയ്തു. നിലത്ത് വീണ തന്നെ ഷൂസിട്ട് ചവിട്ടിയെന്നും സഹീര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
