മുഖത്തടിച്ച് കളി കാര്യമായി ആറാം ക്ലാസുകാര‍ന്‍ മരിച്ചു

ലാഹോര്‍: പരസ്പരം മുഖത്തടിച്ച് കളിക്കുന്നതിനിടെ ആറാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ സ്കൂളിലാണ് കുട്ടികള്‍ പരസ്പരം മുഖത്തടിച്ച് കളിച്ചുകൊണ്ടിരിക്കെ മരണം സംഭവിച്ചത്. കുട്ടികള്‍ ആദ്യമാദ്യം കളിയായി മുഖത്ത് അടിക്കുകയായിരുന്നെങ്കില്‍ പിന്നീട് ഇത് വാശിയായി മാറുകയുായിരുന്നു. 

ഇടവേളയില്‍ പുറത്തിറങ്ങിയ ബിലാലും ആമിറുമാണ് മുഖത്തടിച്ച് മത്സരിച്ചത്. തപര്‍ കബഡി എന്നാണ് ഈ കളിയ്ക്ക് പറയുന്ന പേര്. ആമിര്‍ ബിലാലിന്‍റെ കഴുത്തില്‍ തുടര്‍ച്ചയായി ഇടിക്കുകയായിരുന്നു. 

കളിക്കിടെ ഉണ്ടായ വഴക്ക് കാണാന്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും മൈതാനത്ത് കൂടിയിരുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏപ്രില്‍ ആദ്യമാണ് സംഭവം നടന്നത്. എന്നാല്‍ വഴക്ക് കണ്ടുനിന്ന ആരോ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഇപ്പോഴാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

കുട്ടികളെ തടയാന്‍ ആരെങ്കിലും എത്തുകയോ ആക്രമിക്കപ്പെട്ട കുഞ്ഞിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ തയ്യാറാവുകയോ ഉണ്ടായില്ല. ഒടുവില്‍ അരമണിക്കൂര്‍ കഴിഞ്ഞ് രക്ഷാപ്രവര്‍ത്തകര്‍ എത്തിയാണ് ആശുപത്രിയിലെത്തിച്ചത്.