ബൈക്ക് നിയന്ത്രണം വിട്ട് കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു  

ആലപ്പുഴ: നിയന്ത്രണം വിട്ട ബൈക്ക് കാറിലിടിച്ച് പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു. പിന്നാലെ മറ്റൊരു ബൈക്കിലെത്തിയ യുവാവിന് പരിക്കേറ്റു. മരണപ്പെട്ട വിദ്യാര്‍ത്ഥിയുടെ പോക്കറ്റില്‍ നിന്നും പോലീസ് കഞ്ചാവ് പൊതികള്‍ കണ്ടെടുത്തു. പേരിശേരി മടത്തുംപടി കുരട്ടിയില്‍ വിഷ്ണുനിവാസില്‍ സുരേഷ്‌കുറുപ്പിന്റെ മകന്‍ അനു.എസ്.കുറുപ്പ്(വിഷ്ണു-17) ആണ് മരണമടഞ്ഞത്. 

ഇന്ന് രാവിലെ 9മണിയോടെ എം.സി.റോഡില്‍ ചെങ്ങന്നൂര്‍ തേരകത്ത് മൈതാനത്തിന് സമീപമായിരുന്നു അപകടം.ചെങ്ങന്നൂരില്‍ നിന്ന് മുളക്കുഴ ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ എം.സി.റോഡില്‍ നിന്നും വലതു ഭാഗത്തുള്ള ഇടവഴിയിലേക്ക് തിരയവെ പന്തളത്ത് നിന്നും ചെങ്ങന്നൂര്‍ ഭാഗത്തേക്ക് വരുകയായിരുന്ന അനു ഓടിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. തൊട്ട് പിന്നാലെ എത്തിയ അങ്ങാടിക്കല്‍ തെക്ക് മഠത്തില്‍ കര വീട്ടില്‍ അശോകന്റെ മകന്‍ അനന്ദു.എം.അശോകന്‍ സഞ്ചരിച്ചിരുന്ന ബൈക്കും കാറിലേക്ക് ഇടിച്ചുകയറി. 

അനുവിനെ മുളക്കുഴയുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണമടയുകയായിരുന്നു. സാരമായി പരിക്കേറ്റ അനന്ദു ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. നാല്‍ക്കാലിക്കല്‍ എസ്.വി.ജി.എച്ച്.എസിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ് മരണമടഞ്ഞ അനു. അനുവിന്റെ മാതാവ് അജിത.ജി.നായര്‍(മായ) ഏഴ് വര്‍ഷം മുമ്പ് പുലിയൂര്‍ ക്ഷേത്രത്തിന് സമീപം മറ്റൊരു ബൈക്ക് അപകടത്തില്‍ മരണപ്പെട്ടിരുന്നു. അന്ന് അമ്മയോടൊപ്പം സഞ്ചരിച്ച അനു തലനാരിഴയ്ക്കാണ് രക്ഷപെട്ടത്. അച്ചന്‍ സുരേഷ് കുറുപ്പ് വിദേശത്ത് ജോലി ചെയ്യുകയാണ്. ഈ കുടുംബത്തിലെ ഏക മകനാണ് മരണപ്പെട്ട അനു. ഇയാളുടെ പോക്കറ്റില്‍ നിന്നും 5 പൊതി കഞ്ചാവ് പോലീസ് കണ്ടെടുത്തിട്ടുണ്ട്.