ദില്ലി: ദില്ലിയിൽ സ്കൂൾ വാനിൽനിന്നും തട്ടിക്കൊണ്ടുപോയ കുട്ടിയെ പോലീസ് ഏറ്റുമുട്ടലിനൊടുവിൽ മോചിപ്പിച്ചു. സാഹിബാബാദിലെ ഷാലിമാറിലായിരുന്നു സംഭവം. ചൊവ്വാഴ്ച പുലർച്ചെ ദില്ലി ക്രൈംബ്രാഞ്ച് സംഘം ക്രിമിനലുകളുമായി ഏറ്റുമുട്ടിയാണ് അഞ്ചുവയസുകാരനെ മോചിപ്പിച്ചത്. പുലർച്ചെ ഒരുമണിക്കാണ് പോലീസ് നടപടി ആരംഭിച്ചത്. കുട്ടിയെ തട്ടിയെടുത്ത സംഘത്തിലെ ഒരാൾ കൊല്ലപ്പെടുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു.
സംഭവത്തിന്റെ സൂത്രധാരൻ നിതിൻ ശർമയെ (28) നേരത്തെ അറസ്റ്റ് ചെയ്തതോടെയാണ് കുട്ടിയെ സംബന്ധിച്ച് പോലീസിനു സൂചന ലഭിച്ചത്. ഷാലിമാറിൽ ഫ്ളാറ്റിൽ കുട്ടിയുണ്ടെന്ന് നിതിൻ ശർമ പോലീസിനു വിവരം നൽകി. തിങ്കളാഴ്ച രാത്രിയിലാണ് നിതിൻ ശർമയെ പോലീസ് പിടികൂടിയത്. ഇയാളിൽനിന്നും കൂട്ടാളികളായ രവി, പങ്കജ് എന്നിവരുടെ വിവരം പോലീസിനു ലഭിച്ചു. ഏറ്റുമുട്ടലിൽ രവി കൊല്ലപ്പെട്ടു. കുട്ടിയെ ഏറ്റുമുട്ടലിനൊടുവിൽ പരിക്കുകളില്ലാതെ രക്ഷപെടുത്താൻ പോലീസിനു കഴിഞ്ഞു. റിപ്പബ്ലിക് ദിനത്തിനു തലേദിവസം ശക്തമായ സുരക്ഷാ സംവിധാനത്തിനിടെയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കുട്ടിയെ വിട്ടുനൽകുന്നതിന് 60 ലക്ഷം രൂപയാണ് പ്രതികൾ ആവശ്യപ്പെട്ടത്.
