ഹരിയാന: ഹരിയാനയിലെ റോഹ്ത്തക്കിൽ കോളേജ് വിദ്യാർഥി സഹപാഠികളുടെ കുത്തേറ്റു മരിച്ചു. ബുധനാഴ്ച്ച പകലാണ് ക്രൂരമായ കൊലപാതകം നടന്നത്. ഇരുപത്തിമൂന്നു വയസ്സുകാരൻ സാഹിൽ കുമാറാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. റോഹ്ത്തക്കിലെ നേക്കി റാം കോളേജിലാണ് സംഭവം. കോളേജ് കാൻറീനിലേക്ക് നടന്നു പോവുകയായിരുന്ന യുവാവിനടുത്തേക്ക് ഒരു കൂട്ടം വിദ്യാർഥികൾ ഓടിക്കൂടുകയും ബലമായി പിടിച്ചു നിർത്തി നെഞ്ചിൽ ആഞ്ഞ് കുത്തുകയുമായിരുന്നു. 

കൊലപാതകികൾ പിന്നീട് ഹോസ്റ്റലിൻറെ പിൻഗേറ്റിലൂടെ ഓടി രക്ഷപ്പെട്ടു. കുത്തേറ്റ സാഹിലിനെ ആശുപത്രിയിലെത്തിക്കും മുൻപേ മരിച്ചിരുന്നു. കോളേജിലെ സിസിടിവി യിൽ പതിഞ്ഞ ദൃശ്യങ്ങളാണ് അക്രമികളെ പിടികൂടാന്‍ തെളിവായത്. വിദ്യാർഥികൾക്കിടയിലെ ചെറിയ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ എസ്.പി. ജസൻദീപ് സിങിൻറെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു.