കുട്ടിയെ ദീപാവലി അവധിയ്ക്ക് വീട്ടിലോക്ക് കൊണ്ടുപോകാന്‍ വന്നതായിരുന്നു. അപ്പോഴാണ് മുഖത്തിന്‍റെ ഇടത് വശത്ത് അസ്വാഭാവികത ശ്രദ്ധയില്‍പ്പെട്ടത്. ചോദിച്ചപ്പോഴാണ് അധ്യാപകന്‍ മുഖത്തടിച്ചതാണെന്ന് പറഞ്ഞത്. 

പൂനെ: അസൈന്‍മെന്‍റ് ചെയ്യാതെ വന്നതിന് അധ്യാപകന്‍റെ മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥി അതീവ ഗുരുതരാവസ്ഥയില്‍. പൂനെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ആര്‍ട്ട് സ്കൂളിലെ അധ്യാപകനാണ് വിദ്യാര്‍ത്ഥിയെ മുഖത്തടിച്ചത്. 

അടിയേറ്റ വിദ്യാര്‍ത്ഥിയുടെ ഞെരമ്പുകള്‍ തളര്‍ന്ന് മുഖം തളര്‍ന്നുപോയെന്നാണ് അധ്യാപകനെതിരെ പൊലീസില്‍ നല്‍കിയ പരാതിയില്‍ രക്ഷിതാക്കള്‍ പറയുന്നത്. ഒക്ടോബര്‍ 15 നും 25 നും ഇടയിലാണ് സംഭവം. ഛത്രപതി ശിവജി മഹാരാജ് മിലിറ്ററി സ്കൂളില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയ്ക്കാണ് മര്‍ദ്ദനമേറ്റത്. 

തിങ്കളാഴ്ചയാണ് രക്ഷിതാക്കള്‍ പരാതിയുമായി പൊലീസ് സ്റ്റേഷനില്‍ എത്തിയത്. സന്ദീപ് ഗാഡെ എന്ന അധ്യാപകനാണ് മര്‍ദ്ദിച്ചതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. സംഭവത്തെ തുടര്‍ന്ന് സ്കൂളില്‍ നിന്ന് അധ്യാപകനെ സസ്പെന്‍റ് ചെയ്തുവെന്ന് സ്കൂള്‍ പ്രിന്‍സിപ്പല്‍ എസ് പട്ടീല്‍ വ്യക്തമാക്കി. 

''കുട്ടിയെ ദീപാവലി അവധിയ്ക്ക് വീട്ടിലോക്ക് കൊണ്ടുപോകാന്‍ വന്നതായിരുന്നു. അപ്പോഴാണ് മുഖത്തിന്‍റെ ഇടത് വശത്ത് അസ്വാഭാവികത ശ്രദ്ധയില്‍പ്പെട്ടത്. ചോദിച്ചപ്പോഴാണ് അധ്യാപകന്‍ മുഖത്തടിച്ചതാണെന്ന് പറഞ്ഞത്'' - രക്ഷിതാക്കള്‍ പറഞ്ഞു. 

മുഖം ബെഞ്ചില്‍ ഇടിച്ചുവെന്നും കുട്ടി പറഞ്ഞു. തുടര്‍ന്ന് ആശുപത്രിയിലെത്തിയപ്പോഴാണ് മര്‍ദ്ദനത്തിന്‍റെ ആഘാതത്തില്‍ മുഖം തര്‍ന്നതാണെന്ന് ഡോക്ടര്‍ അറിയിച്ചത്.