ചെന്നൈ: ചെന്നൈയിലെ പ്രമുഖ കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ വര്‍ഷങ്ങളായി തുടരുന്ന ആക്രമണ പരമ്പരകളില്‍ ഒടുവിലത്തേത് അരങ്ങേറിയത് നഗരത്തോട് ചേര്‍ന്നുള്ള റെയില്‍വെ സ്റ്റേഷനില്‍. ചൊവ്വാഴ്ച രാവിലെയാണ് വാളുകളും കത്തികളുമായി ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ ട്രെയിനില്‍ പട്ടരവക്കം റെയില്‍വെ സ്റ്റേഷനില്‍ വന്നിറങ്ങിയത്.
ആയുധങ്ങളുമായി ലോക്കല്‍ ട്രയിനില്‍ വന്നിറങ്ങിയ വിദ്യാര്‍ത്ഥികളെ കണ്ട് സ്‌റ്റേഷനിലെ ആളുകള്‍ പരിഭ്രാന്തരായി ഓടി. ആയുധങ്ങളുമായി വിദ്യാര്‍ത്ഥികള്‍ വന്നിറങ്ങുന്ന 21 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. സ്റ്റേഷനിലുണ്ടായിരുന്ന യാത്രക്കാര്‍ പരിഭ്രാന്തരായി ഓടുന്നത് വീഡിയോയില്‍ കാണാം.
പച്ചൈയപ്പ കോളേജിലെയും പ്രസിഡന്‍സി കോളേജിലെയും വിദ്യാര്‍ത്ഥികളാണ് ചേരി തിരിഞ്ഞ് റെയില്‍വെ സ്‌റ്റേഷനിലെ ആളുകളെ പരിഭ്രാന്തരാക്കി ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
സ്‌റ്റേഷന് പുറത്ത് ഇരുകൂട്ടരും നടത്തിയ ആക്രമണത്തില്‍ 2 പേര്‍ക്ക് പരിക്കേറ്റു. പ്രസിഡന്‍സി കോളേജിലെ വിദ്യാര്‍ത്ഥികളായ പീറ്റര്‍, കലിദോസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. വിദ്യാര്‍ത്ഥികള്‍ ആയുധങ്ങളുമായി വന്നിറങ്ങുന്ന വീഡിയോ ദൃശ്യങ്ങള്‍ തങ്ങളുടെ പക്കലുണ്ടെന്ന് അമ്പത്തൂര്‍ പൊലീസ് അധികൃതര്‍ പറഞ്ഞു.
photo courtesy : deccan chronicle
