ന്യൂഡല്‍ഹി: ഡൽഹി സര്‍വ്വകലാശാലയിൽ എബിവിപിക്കെതിരെ ഫേസ്ബുക്കിലൂടെ കാര്‍ഗിൽ രക്തസാക്ഷിയുടെ മകളും വിദ്യാര്‍ത്ഥിനിയുമായ ഗുര്‍മേഹര്‍ കൗറിന്‍റെ പ്രചാരണം. അഭിപ്രായ സ്വാതന്ത്ര്യം തടയുന്നതിനെതിരെ വിദ്യാര്‍ത്ഥികൾ സംഘടിക്കണമെന്നാവശ്യപ്പെട്ടാണ് ഗുര്‍മേഹര്‍ കൗറിന്‍റെ പ്രചാരണം. ചുരുങ്ങിയ സമയത്തിനകം 2000 ത്തോളം വിദ്യാര്‍ത്ഥികളാണ് ഗുര്‍മേഹറിന്‍റെ സന്ദേശം പങ്കുവച്ചത്.

ദില്ലി രാംജാസ് കോളേജിൽ ജെഎൻയു വിദ്യാര്‍ത്ഥി യൂണിയൻ നേതാവ് ഒമര്‍ ഖാലിദിനെ സെമിനാറിൽ സംസാരിക്കാൻ അനുവദിക്കാതിരുന്ന എബിവിപിക്കെതിരെ വലിയ പ്രതിഷേധമാണ് ഡൽഹി സര്‍വ്വലകലാശാലകളിലെ വിവിധ കോളേജുകളിൽ അരങ്ങേറുന്നത്. എബിവിപി- ഐസ സംഘര്‍ഷത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ വിദ്യാര്‍ത്ഥികൾക്കും അധ്യാപകര്‍ക്കും പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ക്യാമ്പസുകളിലെ അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കണമെന്നാവശ്പ്പെട്ട് കാര്‍ഗിൽ രക്തസാക്ഷി മൻദീപ് സിംഗിന്‍റെ മകൾ ഗുര്‍മേഹര്‍ കൗറിന്‍റെ പ്രചാരണം.

ജലന്ദര്‍ സ്വദേശിയും ദില്ലി ലേഡി ശ്രീറാം കോളേജ് വിദ്യാര്‍ത്ഥിനിയുമായ ഗുര്‍മേഹര്‍ കൗര്‍ ഫേസ്ബുക്കിലൂടെയാണ് വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നത്. സ്റ്റുഡന്‍റ്സ് എഗൈൻസ്റ്റ് എബിവിപി എന്ന ഹാഷ് ടാഗിലാണ് പ്രചാരണം. എബിവിപിയെ ഭയമില്ലെന്നും ഒറ്റയ്ക്കല്ലെന്നുമെഴുതിയ പ്ലക്കാര്‍ഡുമായുള്ള ചിത്രം പോസ്റ്റ് ചെയ്താണ് പ്രചാരണം.

2000ത്തോളം വിദ്യാര്‍ത്ഥികളാണ് ഗുര്‍മേഹറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പ്രചരിപ്പിച്ചത്. ഫേസ്ബുക്ക് പേജിലെ മുഖചിത്രം മാറ്റിയും വിദ്യാര്‍ത്ഥികൾ പ്രചാരണത്തിൽ പങ്കാളികളായി. ഇന്ത്യ-പാകിസ്ഥാൻ സംഘര്‍ഷ സമയത്തും സമാധാനം ആവശ്യപ്പെട്ടുള്ള ഗുര്‍മേഹര്‍ കൗറിന്‍റെ ഫേസ്ബുക്ക്, യൂ ട്യൂബ് സന്ദേശങ്ങളും വൈറലായിരുന്നു. അതിനിടെ മൂന്നു ദിവസത്തെ സംഘര്‍ഷത്തിന് ശേഷം അവധി ദിനങ്ങളായതിനാൽ ക്യാന്പസുകൾ ശാന്തമാണ്.