ജില്ലയിലെ പതിനൊന്ന് ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ പത്ത് ദിവസങ്ങള്‍കൊണ്ട് 36 ജീവാമൃതം ശുദ്ധജലവിതരണ സംവിധാനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ സ്ഥാപിച്ചു.

ആലപ്പുഴ: ജില്ലയിലെ വിവിധ ഗ്രാമപ്രദേശങ്ങളില്‍ ശുദ്ധജലവിതരണ സംവിധാനങ്ങള്‍ ഒരുക്കുന്ന പ്രവര്‍ത്തനങ്ങളില്‍ അമൃതപുരി അമൃത വിശ്വവിദ്യാപീഠത്തിലെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ജപ്പാനിലെ വിവിധ യൂണിവേഴ്‌സിറ്റികളിലെ 71 വിദ്യാര്‍ത്ഥികളും പങ്കാളികളായി. അമൃതാനന്ദമയീമഠം പദ്ധതിയായ ജീവാമൃതം ശുദ്ധജല വിതരണ പദ്ധതിയുടെ ഭാഗമായിട്ടാണ് അമൃതപുരി ക്യാമ്പസ്സിലേയും ജപ്പാനിലെ 20 സര്‍വ്വകലാശാലകളിലേയും 200 ല്‍ പരം വിദ്യാര്‍ത്ഥികള്‍ സംയുക്തമായി അണിനിരന്നത്. 

ജില്ലയിലെ പതിനൊന്ന് ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ പത്ത് ദിവസങ്ങള്‍കൊണ്ട് 36 ജീവാമൃതം ശുദ്ധജലവിതരണ സംവിധാനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ സ്ഥാപിച്ചു. അമ്പലപ്പുഴ നോര്‍ത്ത്, പുന്നപ്ര സൗത്ത്, പുന്നപ്ര നോര്‍ത്ത്, പുറക്കാട്, ആര്യാട്, മാരാരിക്കുളം സൗത്ത്, എഴുപുന്ന, തുറവൂര്‍, ചമ്പക്കുളം, നെടുമുടി, മണ്ണാന്‍ചേരി എന്നീ പഞ്ചായത്തുകളിലെ 20,000 ല്‍ പരം ഗ്രാമീണരുടെ ശുദ്ധജല പ്രശ്‌നങ്ങള്‍ക്കാണ് പരിഹാരം കണ്ടത്. 

വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രാമീണ സമൂഹത്തെക്കുറിച്ച് പഠിക്കാന്‍ അവസരം നല്‍കുകയും അവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മനസ്സിലാക്കി അവയ്ക്ക് പരിഹാരമാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുന്നതിന് വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്ന 'ലിവ് ഇന്‍ ലാബ്' പരിപാടിയുടെ ഭാഗമായിട്ടാണ് ജപ്പാന്‍ സര്‍വ്വകലാശാലകളിലെ വിദ്യാര്‍ത്ഥികള്‍ ഇവിടെ എത്തിയത്. 

അമൃത വിശ്വവിദ്യാപീഠം സര്‍വകലാശാല രൂപകല്‍പന ചെയ്ത ജീവാമൃതം ജലശുദ്ധീകരണ സംവിധാനത്തില്‍ നാല് ഘട്ടങ്ങളിലൂടെ ചെളിവെള്ളം മുതല്‍ ഒരു മൈക്രോണ്‍ വരെയുള്ള ഖരപദാര്‍ത്ഥങ്ങളെല്ലാം നീക്കം ചെയ്തു അള്‍ട്രാവയലറ്റ് വിദ്യയിലൂടെ അണുവിമുക്തമാക്കി 1000, 2000 ലിറ്റര്‍ ടാങ്കുകളില്‍ ശേഖരിക്കപ്പെടുന്ന പ്രക്രിയയാണ് നടപ്പാക്കുന്നത്.