ഫ്‌ളോറിഡ: പൂര്‍വ്വ വിദ്യാര്‍ത്ഥിയുടെ നിറതോക്കിന് മുന്നില്‍ പ്രാണന്‍ വെടിഞ്ഞവരുടെ ഓര്‍മയില്‍ അവര്‍ ഒത്തു കൂടി. നിറഞ്ഞൊഴുകുന്ന കണ്ണുകളും അണ പൊട്ടിയ വിങ്ങലും അന്തരീക്ഷത്തില്‍ നിറഞ്ഞതോടെ പാര്‍ക് ലാന്‍ഡ് സ്കൂളില്‍ ഒത്തുകൂടിയവര്‍ പരസ്പരം ആശ്വസിപ്പിക്കാന്‍ പാടുപെട്ടു. 

ഫ്‌ളോറിഡയിലെ ഹൈ സ്കൂളിൽ നടന്ന വെടിവെപ്പ് സംഭവത്തിൽ ഇത് വരെ പതിനേഴു പേർ മരിച്ചതായി പോലീസ് സ്ഥിരീകരിച്ചു. സ്കൂളിലെ പൂർവ വിദ്യാർത്ഥിയായ നിക്കോലസ് ക്രൂസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പാർക്ക്‌ലാൻഡിലെ മാർജറി സ്റ്റോൺമാൻ ഡഗ്ലസ് ഹൈസ്കൂളിലാണു വെടിവയ്പ്പുണ്ടായത്. ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് പാര്‍ക്ക് ലെന്റിലെ സ്കൂളില്‍ വെടിവയ്പ് ഉണ്ടായത്. മൂവായിരത്തോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്കൂളായിരുന്നു ഇത്. 

സ്കൂള്‍ വിടാനായ സമയത്ത് സ്കൂള്‍ പരിസരത്തെത്തിയ അക്രമി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിവയ്ക്കുകയായിരുന്നു. സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും പത്തൊമ്പതുകാരനുമാണ് അക്രമി. നേരത്തെ സ്കൂളില്‍ അച്ചടക്ക നടപടി എടുത്തിരുന്നു. ഇതിന്റെ പ്രതികാരമായാണ് പത്തൊമ്പതുകാരന്‍ സ്കൂളില്‍ വെടിവയ്പ് നടത്തിയത്.