ആശുപത്രി ബില്‍തുക അടച്ചത് ഹോട്ടലുടമയും ഗൈഡും ചേര്‍ന്ന്.  

ഇടുക്കി: ഹോട്ടല്‍ മുറിയില്‍ വിഷം കഴിച്ച് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉടുമലപ്പെട്ട സ്വദേശി സതീഷ് (24)നെയാണ് മൂന്നാര്‍ പോലീസ് അറസ്റ്റ് ചെയതത്. പെണ്‍കുട്ടിയും യുവാവും ഒരുമിച്ച് വിഷം കഴിച്ചെങ്കിലും സതീഷിനെ കോട്ടേജ് ജീവനക്കാര്‍ മൂന്നാര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. 

ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായിരുന്ന യുവാവിനെ വ്യാഴാഴ്ച സുഹൃത്തുക്കളുടെ സഹായത്തോടെ വിട്ടയച്ചതോടെയാണ് മൂന്നാര്‍ സി.ഐ സാം ജോസിന്റെ നേത്യത്വത്തില്‍ അറസ്റ്റ് ചെയ്തതത്. രണ്ട് കുട്ടികളുടെ പിതാവായ സതീഷിനെ ബന്ധുക്കള്‍ ഉപേക്ഷിച്ചതോടെ ഹോട്ടലുടമയും ഇവരെ മുറിയിലെത്തിച്ച ടൂറിസ്റ്റ് ഗൈഡുമാണ് ആശുപത്രി ബില്‍ അടച്ചത്. 

മാര്‍ച്ച് 10 നാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോടൊപ്പം സതീഷ് മൂന്നാര്‍ സന്ദര്‍ശനത്തിനെത്തിയത്. ഇവരുടെ സന്ദര്‍ശനം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അറിഞ്ഞതോടെ ഇരുവരും വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. വിഷം ഉള്ളില്‍ചെന്ന പെണ്‍ക്കുട്ടി മരിച്ചു. സതീഷിനെ ഗുരുതാരവസ്ഥയില്‍ മൂന്നാര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും രക്ഷപ്പെട്ടു. 

ചികില്‍സ പൂര്‍ത്തിയായ യുവാവിന് ആശുപത്രി ബില്‍തുക അടയ്ക്കാന്‍ പോലും ആളില്ലാതെ വന്നതോടെ പോലീസ് കോട്ടേജ് ഉടമയേയും ഇവര്‍ക്ക് മുറിയെടുത്തുകൊടുത്ത ഗൈഡിനെയും സമീപിക്കുകയായിരുന്നു. ഇവര്‍ പണം നല്‍കിയതോടെയാണ് അറസ്റ്റ് സാധ്യമായത്.